എഐ വൈദഗ്ധ്യത്തിന്റെ വർദ്ധിച്ചുവരുന്ന ആവശ്യകതയ്ക്കനുസരിച്ച് വിദ്യാർഥികളെ സജ്ജരാക്കാൻ സഹായിക്കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയം സ്വയം (SWAYAM) പോർട്ടലിൽ സൗജന്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) കോഴ്സുകൾ ആരംഭിക്കുന്നു.
സർക്കാരിന്റെ സ്വയം പ്ലാറ്റ്ഫോം സ്കൂൾ തലം മുതൽ ബിരുദാനന്തര ബിരുദം വരെ സൗജന്യ ഓൺലൈൻ പഠനാവസരങ്ങൾ നൽകുന്നു. ഇത് എല്ലാവർക്കും ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നു. വിവിധ വ്യവസായങ്ങളിൽ എഐയുടെ പ്രാധാന്യം വർധിച്ചുവരുന്ന സാഹചര്യത്തിൽ, സാങ്കേതികവിദ്യ, നൂതനാശയങ്ങൾ, ഗവേഷണം എന്നിവയിലെ ഭാവി തൊഴിലുകൾക്ക് ആവശ്യമായ അറിവും വൈദഗ്ധ്യവും വിദ്യാർഥികൾക്ക് നൽകുന്നതിനാണ് ഈ കോഴ്സുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
സ്വയം പോർട്ടലിൽ ലഭ്യമായ അഞ്ച് സൗജന്യ എഐ കോഴ്സുകൾ താഴെ പറയുന്നവയാണ്:
1. എഐ/എംഎൽ യൂസിങ് പൈത്തൺ
ഈ കോഴ്സ് വിദ്യാർഥികൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും മെഷീൻ ലേണിങ്ങിന്റെയും അടിസ്ഥാനകാര്യങ്ങൾ പരിചയപ്പെടുത്തുന്നു. സ്റ്റാറ്റിസ്റ്റിക്സ്, ലീനിയർ ആൾജിബ്ര, ഓപ്റ്റിമൈസേഷൻ, ഡാറ്റാ വിഷ്വലൈസേഷൻ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഡാറ്റാ സയൻസിൽ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന പ്രോഗ്രാമിങ് ഭാഷകളിലൊന്നായ പൈത്തണും ഇതിൽ ഉൾപ്പെടുന്നു. 36 മണിക്കൂർ ദൈർഘ്യമുള്ള ഈ കോഴ്സിന്റെ അവസാനം ഒരു സർട്ടിഫിക്കേഷൻ വിലയിരുത്തലും ഉണ്ട്.
2. ക്രിക്കറ്റ് അനലിറ്റിക്സ് വിത്ത് എഐ
ഐഐടി മദ്രാസിലെ അധ്യാപകർ നേരിട്ട് രൂപകൽപ്പന ചെയ്ത് പഠിപ്പിക്കുന്ന പാഠ്യ പദ്ധതിിയാണിത്. ക്രിക്കറ്റ് പ്രധാന ഉദാഹരണമാക്കി പൈത്തൺ ഉപയോഗിച്ച് സ്പോർട്സ് അനലിറ്റിക്സിന്റെ അടിസ്ഥാനകാര്യങ്ങൾ പഠിപ്പിക്കുന്നു. 25 മണിക്കൂർ ദൈർഘ്യമുള്ള ഈ പ്രോഗ്രാമാണിത്.
3. എഐ ഇൻ ഫിസിക്സ്
യഥാർത്ഥ ഭൗതികശാസ്ത്ര പ്രശ്നങ്ങൾ പരിഹരിക്കാൻ മെഷീൻ ലേണിങ്ങിനും ന്യൂറൽ നെറ്റ്വർക്കുകൾക്കും എങ്ങനെ കഴിയുമെന്ന് ഈ കോഴ്സ് വിശദീകരിക്കുന്നു. ഇന്ററാക്ടീവ് സെഷനുകൾ, പ്രായോഗിക ഉദാഹരണങ്ങൾ, ഹാൻഡ്സ്-ഓൺ ലാബ് വർക്കുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു, കോഴ്സിന്റെ ആകെ ദൈർഘ്യം 45 മണിക്കൂറാണ്.
4. എഐ ഇൻ അക്കൗണ്ടിങ്
കൊമേഴ്സ്, മാനേജ്മെന്റ് വിദ്യാർഥികളെ ലക്ഷ്യമിട്ടുള്ള ഈ പ്രോഗ്രാം, അക്കൗണ്ടിങ് രീതികളിൽ എഐ എങ്ങനെ പ്രയോഗിക്കാമെന്ന് വിശദീകരിക്കുന്നു. 45 മണിക്കൂർ ദൈർഘ്യമുള്ള ഈ കോഴ്സ് ഒരു സർട്ടിഫിക്കേഷൻ വിലയിരുത്തലോടെ അവസാനിക്കുന്നു.
5. എഐ ഇൻ കെമിസ്ട്രി
യഥാർത്ഥ കെമിക്കൽ ഡാറ്റാസെറ്റുകൾ ഉപയോഗിച്ച്, തന്മാത്രാ ഗുണങ്ങൾ പ്രവചിക്കാനും, രാസപ്രവർത്തനങ്ങൾ മോഡൽ ചെയ്യാനും, മരുന്നുകൾ രൂപകൽപ്പന ചെയ്യാനും മറ്റും എഐയും പൈത്തണും എങ്ങനെ ഉപയോഗിക്കാമെന്ന് ഈ കോഴ്സ് കാണിക്കുന്നു. ഐഐടി മദ്രാസ് വാഗ്ദാനം ചെയ്യുന്ന ഈ കോഴ്സിന്റെ ദൈർഘ്യം 45 മണിക്കൂറാണ്.
വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കാം: https://swayam.gov.in/