ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തവുമായി ബന്ധപ്പെട്ട് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (AAIB) പ്രഥമിക റിപ്പോർട്ട് പുറത്ത്. ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫായതാണ് അപകട കാരണം എന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. വിമാനം പറന്നുയർന്ന ഉടനെ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫാവുകയായിരുന്നു. സ്വിച്ച് എന്തിനാണ് ഓഫ് ചെയ്തതെന്ന് പൈലറ്റ് ചോദിക്കുന്നതും ഓഫ് ചെയ്തിട്ടില്ല എന്ന് സഹപൈലറ്റ് പറയുന്നതും കോക്പിറ്റ് ഓഡിയോയിൽ ഉണ്ടെന്നാണ് റിപ്പോർട്ട്. വിമാനത്തിൻ്റെ എഞ്ചിനുകൾ പ്രവർത്തിച്ചത് സെക്കൻഡുകൾ മാത്രമാണെന്നും 32 സെക്കൻ്റ് കൊണ്ട് അപകടം സംഭവിച്ചുവെന്നുമാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. പക്ഷികൾ ഇടിക്കുകയോ പ്രതികൂല കാലാവസ്ഥയോ ആയിരുന്നില്ല അപകടകാരണമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 15 പേജുള്ള പ്രാഥമിക അന്വേഷണ റിപ്പോർട്ടാണ് AAIB സമർപ്പിച്ചിരിക്കുന്നത്. വിശദമായ അന്വേഷണം റിപ്പോർട്ട് ശുപാർശ ചെയ്യുന്നുണ്ട്.
എഞ്ചിൻ 1, എഞ്ചിൻ 2 എന്നിവയിലേയ്ക്കുള്ള ഇന്ധനം കട്ട്ഓഫ് ചെയ്യുന്ന രണ്ട് സ്വിച്ചുകളും ഒരു സെക്കൻഡിനുള്ളിൽ RUN-ൽ നിന്ന് CUTOFF-ലേക്ക് മാറുകയും ഇന്ധന വിതരണം തടസ്സപ്പെടുകയും ചെയ്തു എന്നാണ് റിപ്പോർട്ട്. ഇതോടെ രണ്ട് എഞ്ചിനുകളും വിമാനം പറന്നുയർന്നതിന് പിന്നാലെ ഓഫ് ആവുകയും വായുവിൽ വെച്ച് എഞ്ചിനുകളുടെ ത്രസ്റ്റ് നഷ്ടപ്പെടാൻ കാരണമാവുകയും ചെയ്തുവെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. രണ്ട് എഞ്ചിനുകൾക്കും ഒരേസമയം ത്രസ്റ്റ് നഷ്ടപ്പെടുന്നതിന് മുമ്പ് വിമാനം 180 നോട്ട് വേഗതയിലെത്തിയിരുന്നു. ഇന്ധന സ്വിച്ചുകൾ ഫ്ലിപ്പ് ചെയ്തതിന് തൊട്ടുപിന്നാലെ വിമാനത്തിന് വേഗതയും ഉയരവും പെട്ടെന്ന് നഷ്ടപ്പെട്ടുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. വിമാനം പറന്നുയർന്ന ഉടൻ തന്നെ ‘റാം എയർ ടർബൈൻ’ (RAT) പ്രവർത്തിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഊർജ്ജ തടസ്സം സംഭവിക്കുമ്പോൾ RAT സാധാരണയായി സജീവമാകാറുണ്ട്. വിമാനത്തിൻ്റെ എഞ്ചിനുകൾ പറന്ന് ഉയരുന്നതിനിടെ ഓഫായി എന്നത് ഇത് സ്ഥിരീകരിക്കുന്നുവെന്നും റിപ്പോർട്ട് പറയുന്നു.
ഓഫായതിന് പിന്നാലെ രണ്ട് ഇന്ധന സ്വിച്ചുകളും RUN-ലേക്ക് തിരികെ മാറ്റി. ഇതിന് പിന്നാലെ ഒരു എഞ്ചിൻ താൽക്കാലികമായി സ്ഥിരത കൈവരിച്ചുവെന്നും പക്ഷേ മറ്റൊന്നിന് പ്രവർത്തന ശേഷി വീണ്ടെടുക്കാനായില്ലെന്നും റിപ്പോർട്ട് പറയുന്നു. എഞ്ചിൻ 2 പ്രവർത്തന ശേഷി വീണ്ടെടുക്കുന്നതിൻ്റെ ലക്ഷണങ്ങൾ കാണിച്ചു, പക്ഷേ എഞ്ചിൻ 1 സ്ഥിരത കൈവരിക്കുന്നതിൽ പരാജയപ്പെട്ടു, ത്രസ്റ്റ് വീണ്ടെടുക്കാൻ കഴിഞ്ഞില്ല എന്നാണ് റിപ്പോർട്ട് പറയുന്നത്. വിമാനത്തിന്റെ ഫോർവേഡ് എക്സ്റ്റെൻഡഡ് എയർഫ്രെയിം ഫ്ലൈറ്റ് റെക്കോർഡർ (EAFR) വീണ്ടെടുക്കുകയും വിജയകരമായി ഡൗൺലോഡ് ചെയ്യുകയും ചെയ്തുവെന്നാണ് റിപ്പോർട്ടിലുള്ളത്. വ്യവസ്ഥാപിത മാർഗങ്ങളിലൂടെ ഡാറ്റ വീണ്ടെടുക്കാൻ കഴിയാത്തത്ര ഗുരുതരമായ കേടുപാടുകൾ പിൻഭാഗത്തെ EAFR-ന് സംഭവിച്ചുവെന്നും റിപ്പോർട്ടിലുണ്ട്.