ന്യൂഡൽഹി: ഇന്ത്യയുടെ ആണവായുധ വാഹകശേഷിയുള്ള ഇടത്തരം ബാലിസ്റ്റിക് മിസൈലായ (ഐആർബിഎം) അഗ്നി-5 വിജയകരമായി പരീക്ഷിച്ചതായി പ്രതിരോധ മന്ത്രാലയം. ഒഡിഷയിലെ ചാന്ദിപ്പുരിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ (ഐടിആർ) നിന്ന് ബുധനാഴ്ചയാണ് പരീക്ഷണ വിക്ഷേപണം നടന്നത്. മിസൈലിന്റെ സാങ്കേതികവും പ്രായോഗികവുമായ എല്ലാ കഴിവുകളും വിക്ഷേപണത്തിൽ സ്ഥിരീകരിച്ചു. സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡിന്റെ കീഴിലായിരുന്നു പരീക്ഷണ വിക്ഷേപണം.

പതിവ് യൂസർ ട്രയലുകളുടെ ഭാഗമായിരുന്നു ഈ പരീക്ഷണമെന്ന് പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഡിആർഡിഒ (ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ) വികസിപ്പിച്ച അഗ്നി-5, അയ്യായിരം കിലോമീറ്ററിലധികം ദൂരപരിധിയുള്ള ഇന്ത്യയുടെ ഏറ്റവും നൂതനമായ ദീർഘദൂര മിസൈലുകളിലൊന്നാണ്. ആധുനിക നാവിഗേഷൻ, ഗൈഡൻസ്, പോർമുന, പ്രൊപ്പൽഷൻ സാങ്കേതികവിദ്യകൾ അടങ്ങിയ ഇത് ഇന്ത്യയുടെ ആണവ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നു. 

ഒന്നിലധികം ലക്ഷ്യങ്ങളെ ഒരേസമയം ഭേദിക്കാൻ ശേഷിയുള്ള (എംഐആർവി) ഭൂതല ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണിത് (ഐസിബിഎം). ഒരേസമയം മൂന്ന് ആണവ പോർമുനകൾവരെ വഹിക്കാനും പ്രയോഗിക്കാനും അഗ്നി-5ന് കഴിയും. 2024 മാർച്ച് 11-ന് തമിഴ്നാട്ടിലെ കൽപ്പാക്കത്തുനിന്ന് ഇതിന്റെ ആദ്യത്തെ എംഐആർവി പരീക്ഷണം നടത്തിയിരുന്നു. ഒന്നിലധികം പോർമുനകൾ വഹിക്കാനും വിക്ഷേപിക്കാനുമുള്ള കഴിവ് ഇതിലൂടെ തെളിയിക്കപ്പെട്ടു. ബങ്കർ-ബസ്റ്റർ ബോംബ് സാങ്കേതികവിദ്യ സംയോജിപ്പിച്ച്, സുരക്ഷിതവും ഉറപ്പുള്ളതുമായ ലക്ഷ്യങ്ങളെ തകർക്കാനുള്ള ശേഷി വർധിപ്പിക്കാൻ ലക്ഷ്യമിട്ട് പുതിയ പതിപ്പുകൾ വികസിപ്പിക്കുകയാണ്. 5,000 കിലോമീറ്ററാണ് മിസൈലിന്റെ ദൂരപരിധി. 7,500 കിലോമീറ്റർ വരെ ദൂരപരിധി പ്രതീക്ഷിക്കുന്ന ഒരു നവീകരിച്ച പതിപ്പിന്റെ നിർമ്മാണത്തിലാണ് ഡിആർഡിഒ.

ചൈനയ്ക്കെതിരായ ഇന്ത്യയുടെ ആണവ പ്രതിരോധം വർധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ആഗ്നി-അഞ്ച് ദീർഘദൂര ബാലിസ്റ്റിക് മിസൈൽ വികസിപ്പിച്ചത്. ഇതിന് മുമ്പ് അഗ്നി-3 ആയിരുന്നു ഇന്ത്യയുടെ ഉയർന്ന പരിധിയുള്ള മിസൈൽ. മധ്യഇന്ത്യയിൽനിന്ന് വിക്ഷേപിച്ചാൽ ചൈനയുടെ കിഴക്കൻ, വടക്കുകിഴക്കൻ മേഖലകളിലെ ലക്ഷ്യത്തിലെത്താൻ ഈ മിസൈൽ പര്യാപ്തമായിരുന്നില്ല. ചൈനയുടെ പ്രധാന സാമ്പത്തിക കേന്ദ്രങ്ങളിൽ ഭൂരിഭാഗവും അതിന്റെ കിഴക്കൻ കടൽത്തീരത്താണ് എന്നതും കൂടുതൽ ദൂരപരിധിയുള്ള ഒരു മിസൈൽ എന്ന ആവശ്യം അനിവാര്യമാക്കി. ഇതോടെയാണ് ഇന്ത്യ കൂടുതൽ ദൂരപരിധിയുള്ള അഗ്നി-5 വികസിപ്പിക്കുന്നത്.

3500 മുതൽ 5000 കിലോ മീറ്റർ വരെ റേഞ്ചും രണ്ടുഘട്ടങ്ങളുമുണ്ടായിരുന്ന അഗ്നി-3 ന്റെ പരിഷ്കരിച്ച രൂപമാണിത്. അഗ്നി മൂന്നിന്റെ അടിസ്ഥാനരൂപകല്പനയിൽ ഒരുഘട്ടംകൂടി ചേർത്താണ് അഗ്നി- 5ന്റെ നിർമാണം. ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങിന് പുറമേ പ്രധാന വ്യവസായ നഗരങ്ങളിൽപോലും എത്താൻ കഴിയുന്ന അഗ്നി-5 സ്വന്തമായതോടെ ഏഷ്യയിൽ ചൈനയ്ക്കുണ്ടായിരുന്നു മുൻതൂക്കത്തിന് വെല്ലുവിളി ഉയർത്താനായി. ഏഷ്യയ്ക്ക് പുറമേ ആഫ്രിക്ക പൂർണമായും യൂറോപ്യൻ ഭൂഖണ്ഡത്തിന്റെ പകുതിയും മിസൈലിന്റെ പരിധിയിൽ വരും.

ഇന്ത്യയുടെ പുതിയ പരീക്ഷണം പാകിസ്താനിലും കടുത്ത ആശങ്ക ഉയർത്തിയിട്ടുണ്ട്. പാകിസ്താൻറെ സ്ട്രാറ്റജിക് വിഷൻ ഇൻസ്റ്റിറ്റ്യൂട്ട് (എസ്വിഐ) ഇന്ത്യയുടെ മിസൈൽ പദ്ധതി പ്രാദേശിക സ്ഥിരതയ്ക്ക് ഗുരുതര ഭീഷണിയാണെന്ന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെയും സൈനിക മേധാവി അസിം മുനീറിനെയും അറിയിച്ചതായാണ് റിപ്പോർട്ട്. 2016 മുതൽ ഇന്ത്യയുടെ മിസൈൽ വികസനം വേഗത്തിലായെന്നും എസ്വിഐ ചൂണ്ടിക്കാട്ടി. ഭാവിയിൽ 8,000 കിലോമീറ്ററിൽ കൂടുതൽ ദൂരപരിധിയുള്ള മിസൈലുകൾ വരുന്നതോടെ, യുഎസ്എ, റഷ്യ വരെ ലക്ഷ്യമിടാൻ ഇന്ത്യക്ക് കഴിഞ്ഞേക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.