രാജ്യത്തെ നടുക്കിയ 2008ലെ മുംബൈ ഭീകരാക്രമണത്തിൻറെ മുഖ്യസൂത്രധാരന്മാരിൽ ഒരാളായ തഹാവുർ ഹുസൈൻ റാണ ആക്രമണത്തിൽ തൻറെ പങ്ക് സമ്മതിച്ചതായി റിപ്പോർട്ട്. താൻ പാകിസ്ഥാൻ സൈന്യത്തിൻറെ വിശ്വസ്തനായ ഏജൻറായിരുന്നുവെന്നും റാണ വെളിപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ദില്ലിയിലെ തീഹാർ ജയിലിൽ എൻഐഎ കസ്റ്റഡിയിലാണ് തഹാവൂർ റാണ. മുംബൈ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിനിടെ തനിക്കും സുഹൃത്തും സഹായിയുമായ ഡേവിഡ് കോൾമാൻ ഹെഡ്ലിക്കും പാകിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്കർ-ഇ-ത്വയ്ബയുമായി നിരവധി പരിശീലന സെഷനുകൾ ഉണ്ടായിരുന്നതായി പറഞ്ഞു. ലഷ്കർ-ഇ-ത്വയ്ബ പ്രധാനമായും ഒരു ചാര ശൃംഖലയായി പ്രവർത്തിച്ചുവെന്നും റാണ വെളിപ്പെടുത്തി.

തൻറെ സ്ഥാപനത്തിൻറെ ഒരു ഇമിഗ്രേഷൻ സെൻറർ മുംബൈയിൽ തുറക്കാനുള്ള ആശയം തൻറേതായിരുന്നുവെന്നും അതിലെ സാമ്പത്തിക ഇടപാടുകൾ ബിസിനസ് ചെലവുകളായാണ് നടത്തിയതെന്നും റാണ പറഞ്ഞു. 26/11 ആക്രമണ സമയത്ത് താൻ മുംബൈയിലുണ്ടായിരുന്നുവെന്നും അത് തീവ്രവാദികളുടെ പദ്ധതിയുടെ ഭാഗമായിരുന്നുവെന്നും റാണ സമ്മതിച്ചതായി വൃത്തങ്ങൾ പറയുന്നു. ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് പോലുള്ള സ്ഥലങ്ങളിൽ താൻ പരിശോധന നടത്തിയിരുന്നുവെന്നും, 26/11 ആക്രമണങ്ങൾ പാകിസ്ഥാൻറെ ഇൻറർ-സർവീസസ് ഇൻറലിജൻസുമായി (ഐഎസ്ഐ) സഹകരിച്ചാണ് നടത്തിയതെന്നും റാണ പറഞ്ഞതായി വൃത്തങ്ങൾ കൂട്ടിച്ചേർത്തു. 64 വയസുകാരനായ തഹാവൂർ റാണയെ ഖലീജ് യുദ്ധസമയത്ത് പാകിസ്ഥാൻ സൈന്യം സൗദി അറേബ്യയിലേക്ക് അയച്ചിരുന്നുവെന്നും വൃത്തങ്ങൾ പറയുന്നു.

ചോദ്യം ചെയ്യലിന് പിന്നാലെ റാണയെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുക്കാൻ മുംബൈ പൊലീസ് ഒരുങ്ങുകയാണ്. പാകിസ്ഥാൻ വംശജനായ കനേഡിയൻ പൗരനും ഡേവിഡ് ഹെഡ്ലിയുടെ അടുത്ത സഹായിയുമായ റാണയെ ഈ വർഷം ആദ്യം യുഎസ് ഇന്ത്യയ്ക്ക് കൈമാറിയിരുന്നു. റാണ സമർപ്പിച്ച പുനഃപരിശോധനാ ഹർജി യുഎസ് സുപ്രീം കോടതി ഏപ്രിൽ നാലിന് തള്ളിയതിനെ തുടർന്നാണ് കൈമാറ്റം നടന്നത്.

ഇന്ത്യയിലെത്തിയ റാണയെ എൻഐഎ ഔദ്യോഗികമായി മെയ് മാസത്തിൽ ജുഡീഷ്യൽ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഗൂഢാലോചന, കൊലപാതകം, തീവ്രവാദ പ്രവർത്തനം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങി നിരവധി കുറ്റങ്ങളുമായി ബന്ധപ്പെട്ട് റാണയെ ചോദ്യം ചെയ്തുവരികയാണ്. 10 പാകിസ്ഥാൻ തീവ്രവാദികൾ നടത്തിയ 26/11 മുംബൈ ആക്രമണത്തിൽ താജ്, ഒബ്റോയ് ഹോട്ടലുകൾ, ഛത്രപതി ശിവാജി ടെർമിനസ്, ജൂത കേന്ദ്രമായ നരിമാൻ ഹൗസ് തുടങ്ങിയ പ്രധാന സ്ഥലങ്ങളെയാണ് ലക്ഷ്യമിട്ടത്. 166 പേർക്കാണ് ആക്രമണത്തിൽ ജീവൻ നഷ്ടമായത്.