തിരുവനന്തപുരം: ഈ വർഷത്തെ അഗസ്ത്യാർകൂടം സീസൺ ട്രക്കിങ്ങിൻ്റെ ആദ്യ സ്ലോട്ടിലേക്കുള്ള ബുക്കിങ് പൂർത്തിയായി. ജനുവരി 20 മുതൽ 31 വരെയുള്ള ദിവസങ്ങളിൽ നടക്കുന്ന ട്രക്കിങ്ങിലേക്കുള്ള ബുക്കിങ്ങാണ് പൂർത്തിയായത്. ജനുവരി എട്ടിന് രാവിലെ 11 മണിക്ക് ആരംഭിച്ച ബുക്കിങ് മിനിറ്റുകൾക്കകം പൂർത്തിയായതായി അഗസ്ത്യാർകൂടം വനം വന്യജീവി ഓഫീസ് അധികൃതർ ‘സമയം മലയാള’ത്തോട് പറഞ്ഞു. ഫെബ്രുവരി ഒന്നുമുതൽ 10 വരെ നടക്കുന്ന ട്രക്കിങ്ങിലേക്കുള്ള ബുക്കിങ് ജനുവരി 21ന് രാവിലെ 11 മണിക്ക് ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.
സംസ്ഥാന വനം വകുപ്പ് ഒരുക്കുന്ന 2025ലെ അഗസ്ത്യാർകൂടം സീസൺ ട്രക്കിങ് ജനുവരി 20 മുതൽ ഫെബ്രുവരി 22 വരെയാണ് നടക്കുക. സന്ദർശകരുടെ സൗകര്യാർഥം ഇത്തവണത്ത ബുക്കിങ് മൂന്ന് സ്ലോട്ടുകളായാണ് ക്രമീകരിച്ചിരുന്നത്. ജനുവരി എട്ട്, 21, ഫെബ്രുവരി മൂന്ന് എന്നിങ്ങനെയാണ് സ്ലോട്ടുകൾ.
ജനുവരി 20 മുതൽ 31 വരെയുള്ള ട്രക്കിങ്ങിനുള്ള ബുക്കിങ്ങാണ് ജനുവരി എട്ടിന് പൂർത്തിയായത്. ഇതിൽ ടിക്കറ്റ് ലഭിക്കാത്തവർക്ക് ജനുവരി 21ലെ രണ്ടാം സ്ലോട്ടിൽ ശ്രമിക്കാം. ഫെബ്രുവരി ഒന്നുമുതൽ 10 വരെ നടക്കുന്ന ട്രക്കിങ്ങിലെ ബുക്കിങ്ങാണ് 21ന് നടക്കുന്നത്. ഫെബ്രുവരി 11 മുതൽ 22 വരെ നടക്കുന്ന ട്രക്കിങ്ങിലേക്കുള്ള ഫെബ്രുവരി മൂന്നിന് രാവിലെ 11 മണിമുതൽ ആരംഭിക്കും.
സാഹിസക വിനോദസഞ്ചാരം ആഗ്രഹിക്കുന്നവർ വനം വകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്സൈറ്റിൽ serviceonline.gov.in/trekking എന്ന ലിങ്കിൽ ഓൺലൈനായി ബുക്ക് ചെയ്ത് ട്രക്കിങ്ങിനുളള അവസരം പ്രയോജനപ്പെടുത്താം. തിരിച്ചറിയൽ കാർഡ് നമ്പർ ഓൺലൈൻ അപേക്ഷയിൽ ഉൾപ്പെടുത്തണം. 2,700 രൂപയാണ് ടിക്കറ്റ് നിരക്ക്. അപേക്ഷകർ 14 വയസ്സിന് മുകളിൽ ഉളളവരായിരിക്കണം. 34 ദിവസം നീണ്ടുനിൽക്കുന്ന അഗസ്ത്യാർകൂടം സീസൺ ട്രക്കിങ്ങിൽ പ്രതിദിനം 100 പേരെയാണ് അനുവദിക്കുക. ട്രക്കിങ്ങിനിടെ മദ്യപാനം, പുകവലി, പാചകം എന്നിവ പാടില്ല. അഗസ്ത്യാർകൂടത്തിൻ്റെ ബേസ് ക്യാംപായ അതിരുമലയിൽ ഭക്ഷണം ലഭ്യമാണ്.



