ഇസ്ലാമാബാദ്: താലിബാന്‍- പാകിസ്താന്‍ സംഘര്‍ഷം കടുക്കുന്നതിനിടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും മോശമാകുന്നു. അഫ്ഗാനിസ്താനിലെ താലിബാന്‍ ഭരണകൂടം നിയമസാധുതയുള്ളതല്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പാകിസ്താന്‍. യുഎസ് പിന്തുണയുണ്ടായിരുന്ന ജനാധിപത്യ സര്‍ക്കാരിനെ സായുധ കലാപത്തിലൂടെ അട്ടിമറിച്ച് അഫ്ഗാനിസ്ഥാനില്‍ അധികാരത്തിലെത്തിയ താലിബാന്‍ ഭരണകൂടത്തെ പിന്തുണച്ച ആദ്യത്തെ രാജ്യമാണ് പാകിസ്താന്‍. 2021-ലെ മുന്‍ നിലപാടില്‍നിന്ന് ഇപ്പോള്‍ മലക്കം മറിഞ്ഞതിന് പിന്നില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷമാണ് കാരണമെന്നാണ് ന്യൂസ്18 റിപ്പോര്‍ട്ടില്‍ പറയുന്നത്.

പാകിസ്താന്‍ ഭരണകൂടത്തിനെതിരെ ഭീകരാക്രമണങ്ങള്‍ നടത്തുന്ന തെഹ്‌രികെ താലിബാന്‍ പാകിസ്താന്‍ എന്ന പാക് താലിബാന്‍ സംഘടനയ്ക്ക് പിന്തുണ നല്‍കുന്ന അഫ്ഗാനിലെ താലിബാന്‍ ഭരണകൂടത്തിന്റെ നയത്തിലുള്ള അതൃപ്തിയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമാക്കിയത്. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ നേതൃത്വത്തില്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐയ്ക്ക് നിര്‍ണായക സ്വാധീനമുണ്ടായിരുന്നു. 2021 വരെ ഈ സ്വാധീനം പാകിസ്താനുണ്ടായിരുന്നു. എന്നാല്‍, നാലുവര്‍ഷങ്ങള്‍ക്കിപ്പുറം താലിബാന്റെ മേലുള്ള സ്വാധീനം പാകിസ്താന്‍ മുമ്പുള്ളതുപോലെ ലഭിക്കുന്നില്ല.

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തിന്റെ പരമോന്നത നേതാവായ ഹിബത്തുള്ള അഖുന്ദ്സാദയോട് കൂറുള്ള കാണ്ഡഹാരി വിഭാഗത്തിലും ഒരുകാലത്ത് തങ്ങളുടെ തന്ത്രപരമായ പ്രോക്‌സികളായി പ്രവര്‍ത്തിച്ചിരുന്ന ഹഖാനി ശൃംഖലയിലും പാകിസ്താനു സ്വാധീനം നഷ്ടപ്പെട്ടുവെന്നാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുള്ള വിവരങ്ങള്‍.

ഒരുകാലത്ത് ഇന്ത്യക്കെതിരായ മുതല്‍ക്കൂട്ടായി കണ്ടിരുന്ന താലിബാന്‍, ഇപ്പോള്‍ പാകിസ്താന്റെ അതിര്‍ത്തികളെ വെല്ലുവിളിക്കുകയും പഷ്തൂണ്‍ ആധിപത്യമുള്ള ഖൈബര്‍ പക്തൂണ്‍ഖ്വ ഗോത്രമേഖലയുടെ സുരക്ഷയ്ക്ക് ഭീഷണിയാവുകയും ചെയ്യുന്ന ശത്രുവായി മാറിയിരിക്കുകയാണ്.

ഔദ്യോഗികമായി താലിബാനെ അംഗീകരിച്ചിരുന്നില്ലെങ്കിലും അഫ്ഗാനിസ്ഥാനില്‍ പാകിസ്താന്റെ നയതന്ത്ര കാര്യാലയവും സ്ഥാനപതി കാര്യാലയവും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന് പുറമെ നയതന്ത്ര- വ്യാപാര ഇടപാടുകളും നടക്കുന്നുണ്ട്. 1990-ല്‍ താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ച സമയത്ത് അവരെ അംഗീകരിച്ച മൂന്ന് രാജ്യങ്ങളിലൊന്ന് പാകിസ്താനായിരുന്നു.