അഫ്ഗാനിസ്ഥാനിലെ ആശുപത്രികളിലെ ശസ്ത്രക്രിയാ മുറികളിൽ പുരുഷ–വനിതാ മെഡിക്കൽ ജീവനക്കാർ ഒരുമിച്ച് ജോലിചെയ്യുന്നത് നിരോധിക്കുന്ന പുതിയ നിർദ്ദേശം താലിബാൻ ഭരണകൂടം നൽകിയതായി അഫ്ഗാനിസ്ഥാൻ ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്യുന്നു. ശസ്ത്രക്രിയാ സംഘത്തിലെ എല്ലാ അംഗങ്ങളും പൂർണ്ണമായും പുരുഷന്മാരോ അല്ലെങ്കിൽ പൂർണ്ണമായും സ്ത്രീകളോ ആയിരിക്കണം എന്നതാണ് പുതിയ നിയമം.

മിശ്രലിംഗ ടീമുകൾ നിരോധിക്കപ്പെടുന്നു എന്നാണ് ഇതിനർഥം. രോഗിയുടെ ലിംഗഭേദം പരിഗണിക്കാതെ, ശസ്ത്രക്രിയ സമയത്ത് പ്രവർത്തിക്കുന്ന മുഴുവൻ മെഡിക്കൽ സംഘവും ഒരേ ലിംഗത്തിൽപ്പെട്ടവരായിരിക്കണമെന്ന് നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. കാബൂൾ മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ താലിബാൻ നിയമിത തലവനായ എഹ്സാനുല്ല അബോൾഫൈസാൻ രേഖയിൽ എഴുതിയതനുസരിച്ച്, “രോഗിയുടെ ലിംഗഭേദം മാനദണ്ഡമാകില്ല, ശസ്ത്രക്രിയാ സമയത്ത് മുഴുവൻ സംഘവും ഒരേ ലിംഗത്തിലുള്ളവരായിരിക്കണം” എന്നു പറയുന്നു . ഫെബ്രുവരി 10-ന് പുറത്തിറങ്ങിയ കത്ത് എല്ലാ അധ്യാപന ആശുപത്രികൾക്കും ബാധകമാണെന്ന് മെഡിക്കൽ വൃത്തങ്ങൾ സ്ഥിരീകരിച്ചു.

അതേസമയം ഈ തീരുമാനം രാജ്യത്തിന്റെ ആരോഗ്യസംരക്ഷണ സംവിധാനത്തിന് വലിയ വെല്ലുവിളിയാകുമെന്ന ആശങ്കയും വിദഗ്ധർ ഉയർത്തുന്നുണ്ട്. ഇതിനകം തന്നെമതിയായ വനിതാ മെഡിക്കൽ സ്പെഷ്യലിസ്റ്റുകളുടെ അഭാവം പ്രശ്നമാണെന്നും, പുതിയ നിയമം നടപ്പാക്കുന്നത് സേവനങ്ങളുടെ നിലവാരത്തെ ബാധിച്ചേക്കാമെന്നും ആരോഗ്യപ്രവർത്തകർ പറയുന്നു.

സാധാരണയായിഒരു ശസ്ത്രക്രിയാ സംഘത്തിൽ സർജന്മാർ, നഴ്‌സുമാർ, അനസ്‌തേഷ്യോളജിസ്റ്റുകൾ, ട്രെയിനികൾ എന്നിവരടങ്ങുന്ന ഒരു ടീം ആവശ്യമാണ്. എന്നാൽ അഫ്ഗാനിസ്ഥാനിൽ പ്രസവചികിത്സയും ഗൈനക്കോളജിയും ഒഴികെ വനിതാ സ്പെഷ്യലിസ്റ്റുകളുടെ എണ്ണം വളരെ കുറവാണെന്ന് ഡോക്ടർമാർ പറയുന്നു. ന്യൂറോ സർജറി, ഓർത്തോപീഡിക്സ്, പ്ലാസ്റ്റിക് സർജറി തുടങ്ങിയ മേഖലകളിലെ വനിതാ വിദഗ്ധരുടെ അഭാവവും ഏറെ കടുത്തതാണ്.

ഇതിനുമുമ്പ്, 2024 ഡിസംബറിൽ താലിബാൻ നേതാവായ മുല്ല ഹിബത്തുള്ള അഖുന്ദ്‌സാദ പെൺകുട്ടികൾക്കായുള്ള ഉയർന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടയ്ക്കാൻ ഉത്തരവിട്ടിരുന്നു. 2021-ൽ അധികാരത്തിൽ തിരിച്ചെത്തിയതിനു ശേഷം ആറാം ക്ലാസിന് മുകളിലുള്ള പെൺകുട്ടികൾക്കുള്ള സ്കൂളുകളും സർവകലാശാലകളും അടച്ചുപൂട്ടിയതും രാജ്യത്ത് വനിതാ ആരോഗ്യപ്രവർത്തകരുടെ കുറവ് വർധിക്കാൻ കാരണമായി. പുതിയ ഉത്തരവ് നടപ്പിലാക്കുമ്പോൾ രോഗികൾക്ക് സമയബന്ധിതവും നിലവാരമുള്ളതുമായ ചികിത്സ ലഭ്യമാകുമോ എന്ന ആശങ്ക ആരോഗ്യ മേഖലയിൽ ശക്തമായി ഉയർന്നിരിക്കുകയാണ്.