2021-ൽ അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികളുടെ സെക്കൻഡറി വിദ്യാഭ്യാസത്തിന് നിരോധനം ഏർപ്പെടുത്തിയതു മുതൽ പത്തുലക്ഷത്തിലധികം പെൺകുട്ടികൾക്ക് പഠിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടതായി ഐക്യരാഷ്ട്ര ബാലനിധി (UNICEF) റിപ്പോർട്ട് ചെയ്യുന്നു. നിലവിലെ നിയന്ത്രണങ്ങൾ തുടരുകയാണെങ്കിൽ, 2030-ഓടെ ഈ ദുരിതം അനുഭവിക്കുന്ന പെൺകുട്ടികളുടെ എണ്ണം 20 ലക്ഷം കടക്കുമെന്ന് യൂണിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ കാതറിൻ റസ്സൽ മുന്നറിയിപ്പ് നൽകി. അതേസമയം രാജ്യത്തിന്റെ ആരോഗ്യ മേഖലയെയും സാമ്പത്തിക വളർച്ചയെയും ഈ തീരുമാനം ഗുരുതരമായി ബാധിക്കുമെന്നാണ് പുതിയ വിശകലനങ്ങൾ വ്യക്തമാക്കുന്നത്.
ഈ വിദ്യാഭ്യാസ നിരോധനം അഫ്ഗാനിസ്ഥാന്റെ തൊഴിൽ മേഖലയിൽ വലിയ ശൂന്യത സൃഷ്ടിക്കുന്നുണ്ട്. 2030-ഓടെ ഏകദേശം 25,000 വനിതാ അധ്യാപകരെയും ആരോഗ്യ പ്രവർത്തകരെയും രാജ്യത്തിന് നഷ്ടമാകാൻ ഇത് കാരണമാകും. സിവിൽ സർവീസിലെ സ്ത്രീ പങ്കാളിത്തം ഇതിനോടകം തന്നെ 21 ശതമാനത്തിൽ നിന്ന് 17.7 ശതമാനമായി കുറഞ്ഞിട്ടുണ്ട്. പരിശീലനം ലഭിച്ച വനിതാ പ്രൊഫഷണലുകളുടെ അഭാവം ഭാവിയിൽ കുട്ടികളുടെ പഠനത്തെയും ആരോഗ്യ പരിരക്ഷയെയും തകിടം മറിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
ആരോഗ്യ മേഖലയിലാണ് ഇതിന്റെ ഏറ്റവും വലിയ ആഘാതം പ്രകടമാകുന്നത്. അഫ്ഗാനിലെ സാമൂഹിക പശ്ചാത്തലത്തിൽ സ്ത്രീകൾക്ക് പുരുഷ ഡോക്ടർമാരിൽ നിന്ന് ചികിത്സ തേടുന്നതിന് പരിമിതികളുണ്ട്. “അത്യാവശ്യ സേവനങ്ങൾക്ക് താങ്ങായി നിൽക്കുന്ന ഭാവിയിലെ അധ്യാപകരെയും നേഴ്സുമാരെയും ഡോക്ടർമാരെയും മിഡ്‌വൈഫ്മാരെയും സോഷ്യൽ വർക്കർമാരെയും നഷ്ടപ്പെടുത്താൻ അഫ്ഗാനിസ്ഥാന് കഴിയില്ല. പെൺകുട്ടികളെ വിദ്യാഭ്യാസത്തിൽ നിന്ന് മാറ്റിനിർത്തുന്നത് തുടർന്നാൽ ഇതാകും യാഥാർഥ്യം,” കാതറിൻ റസ്സൽ പറഞ്ഞു.
വനിതാ ആരോഗ്യ പ്രവർത്തകരുടെ എണ്ണം കുറയുന്നത് മാതൃ-ശിശു ആരോഗ്യ സേവനങ്ങളെ സാരമായി ബാധിക്കും. ഭാവിയിലെ ഡോക്ടർമാരെയും നഴ്സുമാരെയും മിഡ്‌വൈഫ്മാരെയും സൃഷ്ടിക്കുന്ന വിദ്യാഭ്യാസ പ്രക്രിയ തടസ്സപ്പെടുന്നത് രാജ്യത്തെ ഒരു വലിയ ആരോഗ്യ പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് യൂണിസെഫ് ആശങ്കപ്പെടുന്നു.
വിദഗ്ദ്ധരായ വനിതാ പ്രൊഫഷണലുകളുടെ ഒരു തലമുറയെത്തന്നെയാണ് അഫ്ഗാനിസ്ഥാന് ഇതിലൂടെ നഷ്ടമാകുന്നത്. നിലവിലുള്ള പ്രൊഫഷണലുകൾ വിരമിക്കുമ്പോൾ ആ സ്ഥാനങ്ങളിലേക്ക് വരാൻ പുതിയ തലമുറയ്ക്ക് സാധിക്കാത്ത സാഹചര്യം നിലവിലുണ്ട്. ഓരോ വർഷത്തെ കാലതാമസം അഫ്ഗാൻ ജനതയെ ദാരിദ്ര്യത്തിലേക്കും മോശമായ ആരോഗ്യ സാഹചര്യങ്ങളിലേക്കും തള്ളിവിടുകയാണ് ചെയ്യുന്നത്. പെൺകുട്ടികളുടെ സെക്കൻഡറി, ഉന്നത വിദ്യാഭ്യാസത്തിനുള്ള അവകാശങ്ങൾ അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന് യൂണിസെഫ് അന്താരാഷ്ട്ര സമൂഹത്തോടും അഫ്ഗാൻ ഭരണകൂടത്തോടും ആവശ്യപ്പെട്ടു.
കടുത്ത വെല്ലുവിളികൾക്കിടയിലും അഫ്ഗാനിലെ കുട്ടികളെ സഹായിക്കാൻ യൂണിസെഫ് സജീവമായി രംഗത്തുണ്ട്. 2025-ൽ മാത്രം 37 ലക്ഷത്തിലധികം കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള അടിയന്തര സഹായങ്ങൾ നൽകാൻ ഏജൻസിക്ക് സാധിച്ചു. കമ്മ്യൂണിറ്റി അധിഷ്ഠിത പഠന പദ്ധതികളിലൂടെ ലക്ഷക്കണക്കിന് കുട്ടികൾക്ക്, പ്രത്യേകിച്ച് പെൺകുട്ടികൾക്ക്, അറിവ് പകർന്നു നൽകുന്നതിനൊപ്പം നിരവധി സ്കൂളുകളുടെ നിർമ്മാണവും പുനരുദ്ധാരണവും യൂണിസെഫ് ഏറ്റെടുത്തു നടത്തുന്നുണ്ട്.



