അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം ഇക്രാമുദ്ദീന്‍ കാമിലിനെ ഇന്ത്യയില്‍ ആക്ടിംഗ് കോണ്‍സലായി നിയമിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാന്‍ ഇന്ത്യയില്‍ സ്വന്തം ഉദ്യോഗസ്ഥരെ നിയമിക്കാന്‍ മുമ്പ് നടത്തിയ ശ്രമങ്ങള്‍ വിജയിച്ചില്ല. അതിനിടെയാണ് മുംബൈയില്‍ കോണ്‍സല്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചതായി വാര്‍ത്തകള്‍ വരുന്നത്.
കാമിലിനെ മുംബൈയിലെ ആക്ടിംഗ് കോണ്‍സലായി നിയമിച്ചതായി അഫ്ഗാനിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചതായി താലിബാന്‍ നിയന്ത്രണത്തിലുള്ള ബക്തര്‍ വാര്‍ത്താ ഏജന്‍സി തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു.
‘അദ്ദേഹം ഇപ്പോള്‍ മുംബൈയിലാണ്, അവിടെ ഇസ്ലാമിക് എമിറേറ്റിനെ പ്രതിനിധീകരിക്കുന്ന നയതന്ത്രജ്ഞന്‍ എന്ന നിലയില്‍ തന്റെ ചുമതലകള്‍ നിറവേറ്റുന്നു, ഇന്ത്യയുമായുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിനും വിദേശത്ത് സാന്നിധ്യം വര്‍ധിപ്പിക്കുന്നതിനുമുള്ള കാബൂളിന്റെ ശ്രമങ്ങളുടെ ഭാഗമാണ് നിയമനം,’ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
അന്താരാഷ്ട്ര നിയമത്തില്‍ പിഎച്ച്ഡി ബിരുദം നേടിയ കാമില്‍ വിദേശകാര്യ മന്ത്രാലയത്തിലെ സുരക്ഷാ സഹകരണ, അതിര്‍ത്തികാര്യ വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹം കോണ്‍സുലാര്‍ സേവനങ്ങള്‍ സുഗമമാക്കുമെന്നും ഇന്ത്യയിലെ അഫ്ഗാനിസ്ഥാന്റെ താല്‍പ്പര്യങ്ങളെ പ്രതിനിധീകരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇക്രാമുദ്ദീന്‍ കാമിലിനെ മുംബൈയിലെ ആക്ടിംഗ് കോണ്‍സലായി നിയമിച്ചതായി ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി മുഹമ്മദ് സ്റ്റാനിക്സായി തിങ്കളാഴ്ച അറിയിച്ചതായി അഫ്ഗാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ‘ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാനെ’ പ്രതിനിധീകരിക്കുന്ന നയതന്ത്രജ്ഞനെന്ന നിലയില്‍ തന്റെ ചുമതലകള്‍ നിറവേറ്റുന്ന കാമില്‍ മുംബൈയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അഫ്ഗാനിസ്ഥാനിലെ വിദേശകാര്യ മന്ത്രാലയത്തിന്റെ പോയിന്റ് പേഴ്‌സണ്‍ താലിബാന്റെ ആക്ടിംഗ് പ്രതിരോധ മന്ത്രി മുല്ല മുഹമ്മദ് യാക്കൂബുമായി കാബൂളില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ദിവസങ്ങള്‍ക്ക് ശേഷമാണ് കാമിലിന്റെ നിയമനം.
എന്നാല്‍, വിഷയത്തില്‍ ഇന്ത്യ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. താലിബാന്‍ സര്‍ക്കാരിനെ അംഗീകരിക്കുന്നതിനുള്ള നടപടിയായി ഇതിനെ കാണേണ്ടതില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞെങ്കിലും, ഇന്ത്യയുടെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ല. മാനുഷിക വിഷയങ്ങളില്‍ ഇന്ത്യ താലിബാനുമായി സഹകരിക്കുന്നുണ്ടെങ്കിലും താലിബാന്‍ ഭരണകൂടത്തെ അന്താരാഷ്ട്ര സമൂഹം അംഗീകരിക്കാത്ത സാഹചര്യത്തില്‍ ഔദ്യോഗിക സഹകരണം ഇതുവരെ ഉണ്ടായിട്ടില്ല.
2023 മേയില്‍, താലിബാന്‍ അഫ്ഗാനിസ്ഥാന്‍ എംബസിയുടെ തലവനായി ഒരു ചാര്‍ജ് ഡി അഫയറെ നിയമിക്കാന്‍ ശ്രമിച്ചിരുന്നു. മെയ് മാസത്തില്‍, ദുബായില്‍ നിന്ന് 18.6 കോടി രൂപ വിലമതിക്കുന്ന 25 കിലോ സ്വര്‍ണം കടത്താന്‍ ശ്രമിച്ചെന്നാരോപിച്ച് മുംബൈ വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന അഫ്ഗാന്‍ നയതന്ത്രജ്ഞയായ സാകിയ വാര്‍ദാക് തന്റെ സ്ഥാനം രാജിവച്ചിരുന്നു. മൂന്ന് വര്‍ഷം മുമ്പാണ് അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണകൂടം അധികാരം പിടിച്ചെടുത്തത്.



