ഫിലിം കോൺക്ലേവ് സമാപന ചടങ്ങിൽ പട്ടികജാതി വിഭാഗത്തിനും സ്ത്രീകള്‍ക്കുമെതിരെ അധിക്ഷേപ പരാമര്‍ശവുമായി അടൂര്‍ ഗോപാലകൃഷ്ണന്‍. സ്ത്രീവിരുദ്ധ പരാമര്‍ശം സ്ത്രീപക്ഷ വിഷയം ചര്‍ച്ച ചെയ്യാന്‍ ലക്ഷ്യമിട്ട കോൺക്ലേവിലാണ് അടൂര്‍ ഗോപാലകൃഷ്ണന്റെ അധിക്ഷേപ പരാമര്‍ശം.

പട്ടികജാതി വിഭാഗത്തില്‍ നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് പരിശീലനം നല്‍കണമെന്നായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശം. ചലച്ചിത്ര കോര്‍പ്പറേഷന്‍ വെറുതെ പണം നല്‍കരുതെന്നും ഒന്നര കോടി നല്‍കിയത് വളരെ കൂടുതലാണെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. സ്ത്രീകളായത് കൊണ്ട് മാത്രം അവസരം കൊടുക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കെ ആർ നാരായണ ഫിലിം ഇൻസ്റ്റിറ്റിയിൽ നടന്നത് വൃത്തികെട്ട സമരമാണെന്നും അടൂർ ഗോപാലകൃഷ്ണൻ വിമർശിച്ചു. അച്ചടക്കം കൊണ്ടുവരാൻ ശ്രമിച്ചതിനാണ് സമരം നടന്നത്. ഇന്ത്യയിലെ ഒന്നാം നമ്പർ സ്ഥാപനമായി മാറുന്നതിനിടെയായിരുന്നു സമരം. തങ്ങൾ ചുമതലയേൽക്കുന്നത് ഇൻസ്റ്റിറ്റ്യൂട്ട് നശിച്ചുകിടന്ന സമയത്താണ്. ആ സ്ഥാപനത്തെ ഇപ്പോൾ ഒന്നും അല്ലാതാക്കി.

ടെലിവിഷൻ മേഖല നശിച്ച അവസ്ഥയിലാണ്. കൊള്ളാവുന്ന ഒരു പരിപാടി പോലുമില്ലെന്നും അടൂർ ഗോപാലകൃഷ്ണൻ വിമർശിച്ചു. വേദിയിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ അടക്കം ഇരിക്കെയാണ് അടൂർ ഗോപാലകൃഷ്ണന്റെ വിമർശനം.

ചാലയിലെ തൊഴിലാളികളെയും ഐഎഫ്എഫ്കെയ്ക്ക് എത്തുന്നവരെയും അടൂര്‍ പ്രസംഗത്തില്‍ അധിക്ഷേപിച്ചു. സെക്സ് സീന്‍ കാണാന്‍ വേണ്ടി മാത്പം തീയേര്ററിലേക്ക് ഇടച്ചു കയറിയെന്നായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്റെ പരാമര്‍ശം.