മുംബൈ: ഇന്ത്യൻ സംഗീത ഇതിഹാസം ആ​ശ ഭോ​സ്‌​ലെ​യ്‌​ക്ക് ആ​ദ​ര​മ​ർ​പ്പി​ച്ച്, അ​വ​രു​ടെ പാ​ട്ടു​ക​ൾ സം​പ്രേ​ഷ​ണം ചെ​യ്ത പാ​ക്കിസ്ഥാ​നി​ലെ ജി​യോ ന്യൂ​സി​നെതിരേ നടപടിയുമായി പാക് മാ​ധ്യ​മ നി​യ​ന്ത്ര​ണ അ​ഥോ​റി​റ്റി. സംഭവത്തിൽ ചാനൽ കമ്പനിക്കു കാ​ര​ണം​കാ​ണി​ക്ക​ൽ നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​കയാണ്.

ഞായറാഴ്ചയായി​രു​ന്നു സം​ഗീ​ത​പ്രേ​മി​ക​ളെ ക​ണ്ണീ​രി​ലാ​ഴ്ത്തി​, ആ​ശ ഭോസ്‌ലെ വി​ട​വാ​ങ്ങി​യ​ത്. ഈ ​വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്ത ജി​യോ ന്യൂ​സ്, ആ​ശാ​ജി​യു​ടെ അ​ന​ശ്വ​ര​മാ​യ ച​ല​ച്ചി​ത്ര ഗാ​ന​ങ്ങ​ളും ദൃ​ശ്യ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു.

എ​ന്നാ​ൽ, 2018 മു​ത​ൽ പാ​ക്കിസ്ഥാ​നി​ൽ നി​ല​നി​ൽ​ക്കു​ന്ന, ഇ​ന്ത്യ​ൻ ഉ​ള്ള​ട​ക്ക നി​രോ​ധ​നം – ലം​ഘി​ച്ചു എ​ന്നാ​ണ് അഥോ​റി​റ്റി​യു​ടെ ക​ണ്ടെ​ത്ത​ൽ. ഏ​പ്രി​ൽ 27ന് ​ചാ​ന​ൽ അ​ധി​കൃ​ത​ർ അഥോറി​റ്റി​ക്കു മു​ന്നി​ൽ ഹാ​ജ​രാ​ക​ണം. പി​ഴ​യോ ലൈ​സ​ൻ​സ് റ​ദ്ദാ​ക്ക​ലോ വ​രെ നേ​രി​ടേ​ണ്ടി വ​ന്നേ​ക്കാം.

അതേസമയം, നോ​ട്ടീ​സ് ല​ഭി​ച്ച​തി​നു പി​ന്നാ​ലെ രൂ​ക്ഷ​മാ​യ പ്ര​തി​ക​ര​ണ​വു​മാ​യി ചാ​ന​ൽ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ അ​സ്ഹ​ർ അ​ബ്ബാ​സ് രം​ഗ​ത്തെ​ത്തി. ആ​ശ ഭോ​സ്‌​ലെ​യെ​പ്പോ​ലൊ​രു വ​ലി​യ ക​ലാ​കാ​രി​യെ​ക്കു​റി​ച്ച് വാ​ർ​ത്ത ന​ൽ​കു​മ്പോ​ൾ അ​വ​രു​ടെ ഗാനങ്ങൾ കാ​ണി​ക്കു​ന്ന​തു സ്വാ​ഭാ​വി​ക​മാ​ണ്. ക​ല​യും അ​റി​വും അ​തി​ർ​ത്തി​ക​ൾ​ക്കു​ള്ളി​ൽ ത​ള​ച്ചി​ടേ​ണ്ട​ത​ല്ല എ​ന്ന് അബ്ബാസ് എ​ക്സി​ൽ കു​റി​ച്ചു.

പാ​ക്കിസ്ഥാ​ന്‍റെ പ്രി​യ​ങ്ക​രി നൂ​ർ ജ​ഹാ​നെ തന്‍റെ മൂ​ത്ത സ​ഹോ​ദ​രി​യെ​പ്പോ​ലെ സ്നേ​ഹി​ക്കു​ക​യും നു​സ്ര​ത്ത് ഫ​ത്തേ അ​ലി ഖാ​നോ​ടൊ​പ്പം പാ​ടു​ക​യും ചെ​യ്ത ആ​ശാ​ജി​യെ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ക​ണ്ണി​ലൂ​ടെ കാ​ണ​രു​തെ​ന്നും അബ്ബാസ് ഓ​ർമി​പ്പി​ച്ചു.