പത്തനംതിട്ട കലഞ്ഞൂരില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. തമിഴ്‌നാട് ശിവകാശി സ്വദേശികളായ സുന്ദര്‍ രാജ,് മകള്‍ ജനനി എന്നിവരാണ് മരിച്ചത്. തെങ്കാശിയില്‍ നിന്ന് കച്ചി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ടു എതിര്‍ ദിശയില്‍ വന്ന കാറിലേക്ക് ഇടിച്ചു കയറിയായിരുന്നു അപകടം. പരിക്കേറ്റ നാല് പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ കലഞ്ഞൂര്‍ വലിയ പള്ളിക്ക് സമീപം പുലര്‍ച്ചെ 4.37- നായിരുന്നു അപകടം. ആലുവയില്‍ നിന്ന് കുടുംബത്തോടൊപ്പം ശിവകാശിയിലേക്ക് പോവുകയായിരുന്നു കാറില്‍ സഞ്ചരിച്ച കുടുംബം. തെങ്കാശി പുളിയറയില്‍ നിന്ന് കച്ചി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ടു എതിര്‍ ദിശയില്‍ വന്ന കാറിലേക്ക് ഇടിച്ചു കയറി സമീപത്തെ തോട്ടിലേക്ക് മറിഞ്ഞു.

ഇടിയുടെ ആഘാതത്തില്‍ കാറിന്റെ പിന്‍സീറ്റില്‍ ഇരുന്നിരുന്ന സുന്ദര്‍രാജും മകള്‍ ജനനിയും തല്‍ക്ഷണം മരിച്ചു. കാറിന്റെ വാതില്‍ വെട്ടിപ്പൊളിച്ചായിരുന്നു നാലു പേരെയും പുറത്തെടുത്തത്. കാര്‍ ഓടിച്ചിരുന്ന പ്രണവിനെയും ഒപ്പമുണ്ടായിരുന്ന ശിവശങ്കറിനെയും പരിക്കുകളോടെ ആദ്യം പുനലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ലോറിയില്‍ ഉണ്ടായിരുന്ന വെങ്കിടേഷും വിനോദ് കുമാറും മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. രണ്ട് ക്രെയിന്‍ ഉപയോഗിച്ച് തോട്ടില്‍ നിന്ന് ലോറി കരയിലേക്ക് കയറ്റി. ലോറിയുടെ അമിതവേഗതയോ ഡ്രൈവര്‍ ഉറങ്ങിപ്പോയതോ അപകടത്തിന് കാരണമായിട്ടുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം. സംസ്ഥാനപാതയില്‍ വേണ്ടത്ര സുരക്ഷ മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഇല്ലാത്തതും റോഡിന്റെ അശാസ്ത്രീയ നിര്‍മ്മാണവും അപകടത്തിന് കാരണമാകുന്നുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം.