ബെംഗളൂരുവിൽ ബൈക്ക് നിയന്ത്രണംവിട്ട് റോഡ് ഡിവൈഡറിലിടിച്ച് മറിഞ്ഞ് രണ്ട് മലയാളി നഴ്സിങ് വിദ്യാർഥികൾ മരിച്ചു. എറണാകുളം മുളന്തുരുത്തി പെരുമ്പള്ളി എരുമേലിൽ വീട്ടിൽ ഗിരീഷ്കുമാറിന്റെ മകൻ ഗൗരീശങ്കർ (22), കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശി അതുൽ (22) എന്നിവരാണ് മരണപ്പെട്ടത്. കെങ്കേരി രാജരാജേശ്വരി ഡെന്റൽ കോളജിന് സമീപത്തായിരുന്നു ദാരുണമായ ഈ അപകടം സംഭവിച്ചത്.
മൈസൂരുവിൽനിന്ന് ബെംഗളൂരുവിലേക്ക് ബൈക്കിൽ വരികയായിരുന്ന ഇവർ സഞ്ചരിച്ച വാഹനം നിയന്ത്രണംവിട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടസ്ഥലത്തുവെച്ചുതന്നെ ഇരുവരും മരണപ്പെട്ടു. കെങ്കേരി ബി.ജി.എസ് നഴ്സിങ് കോളജിലെ നാലാം വർഷ ബി.എസ്.സി നഴ്സിങ് വിദ്യാർഥികളാണ് ഗൗരീശങ്കറും അതുലും.
ഇരുവരുടെയും മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്കായി രാജരാജേശ്വരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു.



