യുഎഇ: അബുദാബി ഉൾപ്പെടെയുള്ള യുഎഇയുടെ പ്രധാന എമിറേറ്റുകളെ ബന്ധിപ്പിച്ച് കടന്നുപോകുന്ന എത്തിഹാദ് റെയിൽ പദ്ധതി രാജ്യത്തിന്റെ വികസനത്തിന് പുതിയൊരു അധ്യായം കുറിക്കുകയാണ്. വെറുമൊരു ഗതാഗത മാർഗ്ഗം എന്നതിലുപരി യുഎഇയുടെ സമ്പദ്‌വ്യവസ്ഥയ്ക്കും തൊഴിൽ മേഖലയ്ക്കും ഈ പദ്ധതി വലിയ ഉണർവ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യുഎഇയുടെ ദേശീയ റെയിൽ ശൃംഖല എന്ന ലക്ഷ്യത്തോടെയാണ് എത്തിഹാദ് റെയിലിന് തുടക്കമിട്ടത്. അബുദാബിയിലെ ഗുവൈഫാത്ത് മുതൽ ഫുജൈറ വരെ 1,200 കിലോമീറ്ററിലധികം ദൂരത്തിൽ ഈ റെയിൽ ശൃംഖല വ്യാപിച്ചുകിടക്കുന്നു. കൂടാതെ രാജ്യത്തെ എല്ലാ എമിറേറ്റുകളെയും പ്രധാന നഗരങ്ങളെയും വ്യവസായ മേഖലകളെയും ഇത് ബന്ധിപ്പിക്കുകയും ചെയ്യും.

ചരക്ക് ഗതാഗതത്തിനായി റെയിൽവേ ഇതിനോടകം തന്നെ പ്രവർത്തനക്ഷമമായിക്കഴിഞ്ഞു. ഇത് രാജ്യത്തിന്റെ ലോജിസ്റ്റിക്സ് മേഖലയുടെ കാര്യക്ഷമത ഗണ്യമായി വർധിപ്പിക്കും. 2026 ഓടെ യാത്രാ സർവീസുകൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2030ഓടെ പ്രതിവർഷം 3.65 കോടി യാത്രക്കാരെ ഉൾക്കൊള്ളാൻ ഈ റെയിൽ ശൃംഖലയ്ക്ക് കഴിയുമെന്നും കണക്കാക്കപ്പെടുന്നു.

ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു സുപ്രധാന കണ്ണിയായും എത്തിഹാദ് റെയിൽ ഭാവിയിൽ മാറുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. ഒമാനുമായി റെയിൽ പാത ബന്ധിപ്പിക്കുന്നതിനുള്ള ഹാഫീത് റെയിൽ പദ്ധതിയും ഇതിനകം തന്നെ ആരംഭിച്ചു. എത്തിഹാദ് റെയിൽ പദ്ധതി യുഎഇയിലെ തൊഴിൽ വിപണിയിൽ വൻ സ്വാധീനമാണ് ചെലുത്തുന്നത്.