അമേരിക്കയുടെ മധ്യസ്ഥതയിൽ ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്നതിനുള്ള അബ്രഹാം ഉടമ്പടിയിൽ പങ്കാളിയാകാനുള്ള ട്രംപിൻ്റെ നിർദേശത്തെ പൂർണമായും തള്ളി പാകിസ്താൻ. രാജ്യത്തിൻ്റെ അടിസ്ഥാന പ്രത്യയശാസ്ത്രങ്ങൾക്ക് വിരുദ്ധമായ യാതൊരുവിധ നയതന്ത്ര നീക്കങ്ങളെയും പാകിസ്താൻ പിന്തുണയ്ക്കില്ലെന്ന് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് വ്യക്തമാക്കി. വാക്കുകൾക്ക് യാതൊരുവിധ വിശ്വാസ്യതയുമില്ലാത്ത ഭരണകൂടങ്ങളുമായി ഒരേ മേശയിലിരുന്ന് ചർച്ച നടത്തുന്നതിനെ അദ്ദേഹം ശക്തമായി ചോദ്യം ചെയ്തു.
പശ്ചിമേഷ്യൻ മേഖലയിലെ സമഗ്രമായ സമാധാന ശ്രമങ്ങളുടെ ഭാഗമായി പാകിസ്താൻ ഉൾപ്പെടെയുള്ള പ്രമുഖ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങൾ ഇസ്റാഈലുമായുള്ള നയതന്ത്ര കൂട്ടായ്മയുടെ ഭാഗമാകണമെന്ന് ട്രംപ് പരസ്യമായി ആവശ്യപ്പെട്ടിരുന്നു. ഇറാനുമായുള്ള യുഎസിൻ്റെ ചർച്ചകൾ മികച്ച രീതിയിലാണ് പുരോഗമിക്കുന്നതെന്നും ഇതിൻ്റെ തുടർച്ചയായി പശ്ചിമേഷ്യയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നും ട്രംപ് അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് പാകിസ്താൻ്റെ ഈ കടുത്ത പ്രതികരണം പുറത്തുവന്നത്.
പാകിസ്താൻ്റെ പ്രമുഖ ടെലിവിഷൻ ചാനലായ സാമാ ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് പ്രതിരോധ മന്ത്രി രാജ്യത്തിൻ്റെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയത്. ‘നമ്മുടെ അടിസ്ഥാന പ്രത്യയശാസ്ത്രങ്ങളുമായി ഏറ്റുമുട്ടുന്ന ഇത്തരം ഒരു ഉടമ്പടിയിലും പാകിസ്താൻ ഭാഗമാകരുതെന്നാണ് തൻ്റെ വ്യക്തിപരമായ അഭിപ്രായം’ എന്ന് ഖ്വാജ മുഹമ്മദ് ആസിഫ് പറഞ്ഞു. ഒരൊറ്റ ദിവസം പോലും പറയുന്ന വാക്ക് പാലിക്കാൻ കഴിയാത്ത ഇസ്രായേലിനെപ്പോലുള്ളവരുമായി എങ്ങനെയാണ് നയതന്ത്ര ചർച്ചകൾ സാധ്യമാകുകയെന്നും അദ്ദേഹം ചോദിച്ചു.
ഇസ്രായേൽ വിഷയത്തിൽ പാകിസ്താന് എക്കാലത്തും വളരെ വ്യക്തവും ശക്തവുമായ നിലപാടാണുള്ളതെന്നും അതിൽ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രായേലിനെ ഒരു രാജ്യമെന്ന നിലയിൽ അംഗീകരിക്കാത്ത നയമാണ് പാകിസ്താൻ്റേത്. തങ്ങളുടെ പാസ്പോർട്ടിൽ ഇസ്രായേലിലേക്ക് യാത്രാനുമതിയില്ലെന്ന് പരസ്യമായി രേഖപ്പെടുത്തിയിട്ടുള്ള ലോകത്തിലെ ഏക രാജ്യം പാകിസ്താനാണെന്ന കാര്യവും പ്രതിരോധ മന്ത്രി ചൂണ്ടിക്കാണിച്ചു.
അബ്രഹാം ഉടമ്പടിയുടെ വിപുലീകരണത്തിലൂടെ പശ്ചിമേഷ്യൻ മേഖലയിൽ വലിയ സാമ്പത്തിക, സാമൂഹിക മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കുമെന്നാണ് ട്രംപിൻ്റെ വാദം. തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ എഴുതിയ കുറിപ്പിൽ ഇറാനുമായുള്ള നയതന്ത്ര ചർച്ചകൾ പരാജയപ്പെട്ടാൽ മേഖല വീണ്ടും വലിയ യുദ്ധമുഖമായി മാറുമെന്ന മുന്നറിയിപ്പും ട്രംപ് നൽകിയിരുന്നു. വലിയ തോതിലുള്ള സൈനിക നീക്കങ്ങൾ ഒഴിവാക്കാൻ മുസ്ലിം രാജ്യങ്ങൾ ഒന്നിച്ച് നിൽക്കണമെന്നാണ് ട്രംപിൻ്റെ നിലപാട്.
സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, യുഎഇ പ്രസിഡൻ്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ ഥാനി, പാകിസ്താൻ ആർമി ചീഫ് ജനറൽ അസിം മുനീർ, തുർക്കി പ്രസിഡൻ്റ് റജബ് ത്വയ്യിബ് ഉർദുഗാൻ, ഈജിപ്ത് പ്രസിഡൻ്റ് അബ്ദുൽ ഫത്താഹ് അൽ സിസി, ജോർദാൻ്റെ അബ്ദുല്ല രാജാവ് രണ്ടാമൻ, ബഹ്റൈൻ്റെ ഹമദ് ബിൻ ഈസാ അൽ ഖലീഫ രാജാവ് എന്നിവരുമായി ട്രംപ് ഈ വിഷയം സംസാരിച്ചതായാണ് വിവരം. യുഎഇ, ബഹ്റൈൻ, മൊറോക്കോ, സുഡാൻ, കസാഖിസ്താൻ എന്നീ രാജ്യങ്ങൾ നിലവിൽ അബ്രഹാം ഉടമ്പടിയുടെ ഭാഗമാണ്. കൂടുതൽ രാജ്യങ്ങളെ ഇതിലേക്ക് കൊണ്ടുവരാൻ തൻ്റെ പ്രതിനിധികൾക്ക് ട്രംപ് നിർദേശം നൽകിയിട്ടുണ്ടെങ്കിലും പാകിസ്താൻ്റെ കടുത്ത നിലപാട് അമേരിക്കൻ നീക്കങ്ങൾക്ക് തിരിച്ചടിയാണ്.



