സിജെപി സ്ഥാപകന്‍ അഭിജിത്ത് ദീപ്‌കെ ഇന്ത്യയിലേക്ക് തിരിച്ചു. അദ്ദേഹം നാളെ ഡല്‍ഹിയിലെത്തും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി ജന്തര്‍ മന്തറില്‍ പ്രഖ്യാപിച്ച പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാനാണ് അഭിജിത് ദീപ്‌കെ ഇന്ത്യയില്‍ എത്തുന്നത്. രാവിലെ എട്ട് മണിക്ക് വിമാനത്താവളത്തില്‍ ഇറങ്ങുന്ന അഭിജിത്തിന് സിജെപി പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കുമെന്ന് തീരുമാനിച്ചിരുന്നെങ്കിലും തനിക്ക് സ്വീകരണം ഒരുക്കരുതെന്ന് അഭിജിത്ത് വിഡിയോ സന്ദേശത്തിലൂടെ അഭ്യര്‍ഥിച്ചു.

ഡല്‍ഹിയിലെത്തുന്ന അഭിജിത്ത് പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനില്‍ എത്തി പ്രതിഷേധത്തിന് അനുമതി തേടും. പൊലീസിന്റെ അനുമതി ലഭിച്ചില്ലെങ്കിലും പ്രതിഷേധം നടത്തുമെന്ന് സിജെപി വക്താക്കള്‍ കഴിഞ്ഞദിവസം അറിയിച്ചു. അതേസമയം പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയിലാണ് ഡല്‍ഹി പൊലീസ്. നാട്ടിലെത്തിയാല്‍ ഉടന്‍ അഭിജിത്ത് അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഉള്‍പ്പെടെ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. താന്‍ യാത്ര തിരിച്ചുവെന്നും ഇനി തന്റെ ഭാവി ഇന്ത്യന്‍ ഭരണകൂടത്തിന്റെ കൈയിലാണെന്നും എക്‌സിലൂടെ പങ്കുവച്ച വിഡിയോ സന്ദേശത്തില്‍ അഭിജിത്ത് ദീപ്‌കെ വ്യക്തമാക്കി.

അഭിജിത്തിന്റെ സുരക്ഷയെക്കുറിച്ചും കനത്ത ആശങ്ക ഉയരുന്നുണ്ട്. അഭിജിത്തിന്റെ വീട്ടുകാര്‍ വീട്ടില്‍ നിന്ന് മറ്റൊരു സുരക്ഷിത ഇടത്തിലേക്ക് മാറിയതായും റിപ്പോര്‍ട്ടുകളുണ്ട്. വിമാനത്താവളത്തില്‍ തനിക്ക് സ്വീകരണം നല്‍കുന്നത് മറ്റ് യാത്രക്കാര്‍ക്കും വിമാനത്താവളത്തിലെ അധികൃതര്‍ക്കും ജീവനക്കാര്‍ക്കുമെല്ലാം ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും അത് ഒഴിവാക്കണമെന്നുമാണ് അദ്ദേഹം വിഡിയോ സന്ദേശത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അമേരിക്കയില്‍ നിന്നാണ് അഭിജിത്ത് ഇന്ത്യയിലേക്ക് എത്തുന്നത്.