തിരുവനന്തപുരം: ബിജെപി പുനഃസംഘടനയില്‍ കടുത്ത എതിര്‍പ്പുമായി ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടി. അന്താരാഷ്ട്ര വിശ്വഹിന്ദു പരിഷത്ത് (എഎച്ച്പി) മുന്‍ നേതാവ് പ്രതീഷ് വിശ്വനാഥിനെ ഭാരവാഹിയായി നിയമിക്കുന്നതിനെതിരെയാണ് എ പി അബ്ദുള്ളക്കുട്ടി രംഗത്തെത്തിയിരിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ച് അബ്ദുള്ളക്കുട്ടി ബിജെപി സംസ്ഥാന ഭാരവാഹികളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും ലെഫ്റ്റ് ചെയ്തു.
ആര്‍എസ്എസിന് വേണ്ടാത്ത ആളാണ് പ്രതീഷ് വിശ്വനാഥനെന്നും ഇയാളെ ഭാരവാഹിയായി പരിഗണിക്കരുതെന്നുമാണ് അബ്ദുള്ളക്കുട്ടിയുടെ ആവശ്യം. പ്രതീഷ് വിശ്വനാഥിനെ പരിഗണിക്കാനുള്ള ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നീക്കത്തിനെതിരെ ദേശീയ നേതൃത്വത്തിന് എ പി അബ്ദുള്ളക്കുട്ടി പരാതി നല്‍കി. പട്ടിക തയ്യാറാക്കിയത് മുതിര്‍ന്ന നേതാക്കളുമായി ആലോചിക്കാതെയാണെന്നാണ് അബ്ദുള്ളക്കുട്ടി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
ബിജെപി ഭാരവാഹികളുടെ പട്ടികയില്‍ പ്രതീഷ് വിശ്വനാഥ് ഉള്‍പ്പെട്ടിട്ടുള്ളതായാണ് വിവരം. പ്രതീഷ് വിശ്വനാഥിന് പുറമെ കെ കെ അനീഷ്‌കുമാര്‍, എം വി ഗോപകുമാര്‍, ബി ബി ഗോപകുമാര്‍, വി കെ സജീവന്‍, ആശാനാഥ്, പാലാ ജയസൂര്യന്‍, ജിജി ജോസഫ്, കെ ശ്രീകാന്ത്, എന്‍. ഹരി തുടങ്ങിയവര്‍ പുതിയതായി പട്ടികയില്‍ ഇടംപിടിച്ചതായാണ് വിവരം. ശോഭാ സുരേന്ദ്രന്‍, എസ് സുരേഷ്, യുവമോര്‍ച്ച മുന്‍ ദേശീയ സെക്രട്ടറി അനൂപ് ആന്റണി എന്നിവരെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നതായും വിവരമുണ്ടായിരുന്നു. വരും ദിവസങ്ങളില്‍ ഭാരവാഹികളെ പ്രഖ്യാപിക്കുമെന്നാണ് വിവരം.
തീവ്ര ഹിന്ദുത്വ നിലപാടിന്റെ പേരില്‍ മുന്‍പ് വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുള്ള ആളാണ് പ്രതീഷ് വിശ്വനാഥ്. മുന്‍പ് പൂജാ ദിനത്തില്‍ തോക്കുകളും വടിവാളുകളും പൂജയ്ക്ക് സമര്‍പ്പിക്കുന്നതിന്റെ ചിത്രത്തോടൊപ്പം കലാപാഹ്വാനവുമായി ഇയാള്‍ രംഗത്തെത്തിയിരുന്നു. ഇതിന്റെ പേരില്‍ ഇയാള്‍ക്കെതിരെ പരാതിയും ഉയര്‍ന്നിരുന്നു. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എംമ്പുരാന്‍ ചിത്രത്തിനെതിരെയും ഇയാള്‍ വിദ്വേഷപരാമര്‍ശവുമായി രംഗത്തെത്തിയിരുന്നു.