കൊച്ചി: കഴിഞ്ഞ കുറേക്കാലമായി മലയാളികൾ കാത്തിരിക്കുന്നൊരു സിനിമയാണ് ആട് 3. ചിത്രത്തിന്‍റെ പൂജ അടുത്തിടെയാണ് കഴിഞ്ഞത്. മെയ് 10നാണ് ഉണ്ണിമുകുന്ദന്‍ ആദ്യ ക്ലാപ്പ് അടിച്ച് ചിത്രത്തിന്‍റെ പൂജ നടന്നത്. ഇതിന് പിന്നാലെ ചിത്രത്തിന്‍റെ പിന്നിലെ നിര്‍മ്മാണ സംഘം വലുതാകുന്നു എന്ന അപ്ഡേറ്റാണ് നിര്‍‌മ്മാതാവ് വിജയ് ബാബു പങ്കുവച്ചിരിക്കുന്നത്. വിജയ് ബാബു പങ്കുവച്ച സോഷ്യല്‍ മീഡിയ അപ്ഡേറ്റ് പ്രകാരം വേണു കുന്നപ്പള്ളിയുടെ കാവ്യ ഫിലിംസ് ആട് 2 നിര്‍മ്മാണ പങ്കാളികള്‍ ആയിരിക്കും.

ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന റീല്‍ വീഡിയോ വിജയ് ബാബു പങ്കുവച്ചിട്ടുണ്ട്. ടീം കൂടുതല്‍ കരുത്തില്‍ എന്ന ക്യാപ്ഷനോടെയാണ് ഇത് വിജയ് ബാബു പങ്കുവച്ചത്. ചിത്രം വന്‍ ബജറ്റിലാണ് ഒരുങ്ങുന്നത് എന്ന് നേരത്തെ സംവിധായകനും നിര്‍മ്മാതാവും സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ നേരത്തെ ചിലയിടത്ത് പ്രചരിച്ചപോലെ ഇതൊരു സോംബി കഥയല്ലെന്ന് വിജയ് ബാബു പറഞ്ഞിരുന്നു.

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് നേരത്തെ പൂജയില്‍ ഫസ്റ്റ് ക്ലാപ്പടിച്ചത് ഉണ്ണി മുകുന്ദനാണ്. പരാജയത്തിൽ നിന്നും ഇത്രയും വലിയൊരു ബ്രാൻഡായി മാറുക എന്നത് ചെറിയ കാര്യമല്ലെന്ന് ഉണ്ണി വേദിയിൽ പറഞ്ഞു. ഷാജി പാപ്പനായി എത്തുന്ന ജയസൂര്യ കുടുംബ സമേതമാണ് പൂജയ്ക്ക് എത്തിയത്.