ന്യൂഡൽഹി: രാത്രിയിൽ ഉച്ചത്തിൽ പാട്ടുവച്ചതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ പോലീസുകാരന്റെ വെടിയേറ്റ് യുവാവ് കൊല്ലപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെ രണ്ടിനുണ്ടായ സംഭവത്തിൽ ഒരാൾക്കു പരിക്കേറ്റു. ദ്വാരക ജാഫർപുരിൽ നടന്ന സംഭവത്തിൽ ബിഹാർ സ്വദേശി പാണ്ഡവ് കുമാർ(21) ആണ് മരിച്ചത്.
പരിക്കേറ്റ സുഹൃത്ത് രൂപേഷ് ചികിത്സയിലാണ്. ഡൽഹി പോലീസ് സ്പെഷൽ സെല്ലിലെ ഹെഡ്കോൺസ്റ്റബിൾ നീരജാണ് വെടിവച്ചതെന്നും ഇയാൾ ഒളിവിലാണെന്നും പോലീസ് പറഞ്ഞു. ഇയാളുടെ വീടിനു സമീപത്തു താമസിക്കുന്ന ഒരു സംഘം തൊഴിലാളികൾ രാത്രി വീട്ടിൽ പാർട്ടി നടത്തിയിരുന്നു.
രാത്രി വൈകിയും ഉച്ചത്തിൽ പാട്ട് തുടർന്നതോടെ നീരജ് ഉൾപ്പെടെയുള്ളവർ ചോദ്യം ചെയ്തു. തർക്കം രൂക്ഷമായതോടെ നീരജ് വെടിവയ്ക്കുകയായിരുന്നു. വെടിയേറ്റ ഇരുവരെയും റാവു തുലാറാം ആശുപത്രിയിൽ എത്തിച്ചെങ്കിലും പാണ്ഡവിന്റെ ജീവൻ രക്ഷിക്കാനായില്ല.



