നൂറനാട്: തുണിക്കട കുത്തിപ്പൊളിച്ച് മോഷണം നടത്തിയ കേസിൽ മൂന്നംഗ സംഘം നൂറനാട് പോലീസിന്റെ പിടിയിലായി. കൊല്ലം ശാസ്താംകോട്ട സ്വദേശി ജയരാജ് (38), പത്തനംതിട്ട പള്ളിക്കൽ സ്വദേശി ബിജു (54), കൊല്ലം കുളത്തൂപ്പുഴ സ്വദേശി പ്രവീൺ എന്നിവരാണ് പിടിയിലായത്.
മേയ് 12ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ചാരുംമൂട് ജംഗ്ഷനിലെ പാതയോരത്തുള്ള കട കുത്തിപ്പൊളിച്ച് അകത്തുകയറിയ പ്രതികൾ 60,000 രൂപ വില വരുന്ന തുണികൾ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.
സംഭവത്തിൽ നൂറനാട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. പ്രതികൾ നേരത്തെയും നിരവധി മോഷണക്കേസുകളിൽ പ്രതികളാണെന്ന് പോലീസ് വ്യക്തമാക്കി.



