കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് ഒന്നാം വര്‍ഷ വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ഒന്നാം പ്രതി ഓറല്‍ പാത്തോളജി വിഭാഗം മേധാവി ഡോ.എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല
ഹൈക്കോടതിയാണ് റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. നേരത്തെ, തലശ്ശേരി അഡിഷനല്‍ സെഷന്‍സ് കോടതിയും റാമിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. വിഷയത്തില്‍ മാധ്യമങ്ങള്‍ നടത്തിയ ഇടപെടലിനെ കോടതി അഭിനന്ദിച്ചു. മാധ്യമ വിചാരണയുടെ ഇരയാണ് താനെന്ന ഡോ. എം കെ റാമിന്റെ വാദവും കോടതി തള്ളി വിദ്യാര്‍ഥികള്‍ മാനസിക പീഡനത്തിന് ഇരയാകുന്നു എന്നതില്‍ കഴമ്പുണ്ടെന്നും ഇക്കാര്യത്തില്‍ മെഡിക്കല്‍ കമ്മീഷനും സര്‍ക്കാരും ഇടപെടണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
തലശ്ശേരി സെഷന്‍സ് കോടതി എം കെ റാമിന്റെ മുന്‍കൂര്‍ ജാമ്യം തള്ളിയിരുന്നു. പിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചത്. തനിക്കെതിരായ എല്ലാ കുറ്റങ്ങളും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ എം കെ റാം നിഷേധിച്ചു. മറ്റൊരു പ്രകോപനമാണ് നിതിന്‍ രാജിന്റെ മരണകാരണമെന്ന് എം കെ റാം പറയുന്നു. ലോണ്‍ വായ്പയാണ് മരണകാരണം. അതുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പാലിന്റെ മുറിയില്‍ വെച്ച് ചോദ്യം ചെയ്യപ്പെട്ടതിന് പിന്നാലെയാണ് നിതിന്‍ ആത്മഹത്യ ചെയ്തതെന്ന് റാം വാദിക്കുന്നു. തനിക്ക് മരണത്തില്‍ പങ്കില്ലെന്നും വിദ്യാര്‍ഥിയെ പീഡിപ്പിക്കാനോ ആത്മഹത്യയിലേക്ക് തള്ളി വിടാനോ ഉള്ള ലക്ഷ്യമില്ലായിരുന്നുവെന്നും റാം മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ ഏപ്രില്‍ 10നാണ് നിതിന്‍ രാജ് കോളജ് കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കിയതായി കുടുംബം അറിയുന്നത്



