വിദേശ ഡെബിറ്റ് കാർഡുകൾ ഇന്ത്യയിലെത്തിച്ച് നടത്തിയ നൂറു കോടിയോളം രൂപയുടെ ഹവാല ഇടപാട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) കണ്ടെത്തി. ബാങ്കിംഗ് ചട്ടങ്ങളും നിർബന്ധിത അനുമതി സംവിധാനങ്ങളും മറികടന്ന് ഇന്ത്യയിലേക്ക് വിദേശ ഫണ്ടുകൾ എത്തിക്കാൻ ഉപയോഗിച്ച അത്യാധുനിക അതിർത്തികടന്നുള്ള ശൃംഖലയാണ് ഇ ഡി കണ്ടെത്തിയത്. ഇന്ത്യൻ കെവൈസി മറികടന്നുള്ള ഇടപാടുകൾ തീവ്രവാദത്തിനും മതപരിവർത്തനത്തിനുമെന്നാണ് സംശയം.

സിഎൻഎൻ-ന്യൂസ്18ന് ലഭിച്ച എക്സ്ക്ലൂസീവ് അന്വേഷണ വിവരങ്ങൾ പ്രകാരം, യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ദി തിമോത്തി ഇനിഷ്യേറ്റീവ്’ (TTI) എന്ന സംഘടനയെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. വിദേശ ഡെബിറ്റ് കാർഡുകളുടെ ഒരു വലിയ ശൃംഖലയിലൂടെ വിദേശ ഫണ്ടുകൾ ഇന്ത്യയിലേക്ക് മാറ്റുന്നതിനും ഉപയോഗിക്കുന്നതിനുമായി ഇന്ത്യയിലെ ഏജന്റുമാരും വിദേശ തലവന്മാരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയതായാണ് ആരോപണം.

വിദേശ ഡെബിറ്റ് കാർഡ് ശൃംഖല പ്രവർത്തിച്ചത് എങ്ങനെ?

അമേരിക്കയിലെ ട്രൂയിസ്റ്റ് ബാങ്ക് നൽകിയ ഡെബിറ്റ് കാർഡുകൾ ഇന്ത്യയിലെ യഥാർത്ഥ അക്കൗണ്ട് ഉടമകളല്ലാത്ത വ്യക്തികൾക്ക് വിതരണം ചെയ്താണ് ഈ ശൃംഖല പ്രവർത്തിച്ചിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. 2019 മുതൽ ഇത്തരത്തിലുള്ള ആയിരത്തിലധികം വിദേശ ഡെബിറ്റ് കാർഡുകൾ ഇന്ത്യയിലുടനീളം വിതരണം ചെയ്തിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ.

2025 നവംബറിനും 2026 ഏപ്രിലിനും ഇടയിൽ ഏകദേശം 92.55 കോടി രൂപ (9.99 ദശലക്ഷം യുഎസ് ഡോളർ) ഈ സംവിധാനത്തിലൂടെ വിനിയോഗിച്ചതായി ഏജൻസിയുടെ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു. ഇതുകൂടാതെ, 2024 ജനുവരി മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ ഈ ശൃംഖലയിലൂടെ നടത്തിയ ആകെ എടിഎം പിൻവലിക്കലുകൾ ഏകദേശം 44 കോടി രൂപ വരുമെന്നാണ് കണക്കാക്കുന്നത്.