കെഎസ്ആര്‍ടിസി ബസുകളിലെ സ്ത്രീ സൗജന്യയാത്ര പദ്ധതിയെ പിന്തുണച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. സ്ത്രീകള്‍ക്ക് വേണ്ടി ഇങ്ങനെയൊരു സംവിധാനം ഒരുക്കിയത് നന്നായെന്നും വിജയം ആശംസിക്കുന്നെന്നും സുരേഷ് ഗോപി പറഞ്ഞു.
ഇത് വളരെ നല്ല പദ്ധതിയാണ്. ഈ പദ്ധതി രാജ്യത്ത് പല സംസ്ഥാനങ്ങളും ഇതിനകം നടപ്പാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തിക കെല്‍പ്പ് അനുസരിച്ചാണ് അത് ചെയ്യുന്നത്. സാമ്പത്തിക നില മെച്ചപ്പെടുന്നതോടെ കൂടി ഇതിന്റെ വ്യാപ്തി വര്‍ധിപ്പിക്കാന്‍ കഴിയുമെന്നും സുരേഷ് ഗോപി പറഞ്ഞു.
ഇന്നത്തെ കാലത്ത് പുരുഷന്മാരെക്കാള് സ്ത്രീകള്‍ പുറത്തിറങ്ങുന്നു. അവര്‍ക്ക് ഇത് വലിയ സഹായകമാകും. ദീര്‍ഘകാലം തുടരാന്‍ സാധിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നു. ട്രാന്‍സ്പോര്‍ട്ടിനെക്കാള്‍ ധനകാര്യത്തില്‍ വിരുത് ഉള്ളയാളാണ് സിപി ജോണ്‍. മുഖ്യമന്ത്രിയും സിപി ജോണും ചേര്‍ന്ന് ഇതിനെ നല്ല വഴിക്ക് കൊണ്ടുവരാനുള്ള കരുത്ത് ഉണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.



