കുട്ടികളെ ഇന്റര്‍നെറ്റിന്റെ ദോഷകരമായ സ്വാധീനങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനായി കൊണ്ടുവരുന്ന സോഷ്യല്‍ മീഡിയ നിരോധന നിയമത്തില്‍, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് കാനഡ വഴങ്ങില്ലെന്ന് കനേഡിയന്‍ ഐഡന്റിറ്റി ആന്‍ഡ് കള്‍ച്ചര്‍ മന്ത്രി മാര്‍ക്ക് മില്ലര്‍. ‘കുട്ടികള്‍ ഒരിക്കലും ഒരു വിലപേശലിനുള്ള വിഷയമല്ല. അതില്‍ മാറ്റമില്ല,’ – സിടിവി ക്വസ്റ്റ്യന്‍ പീരിയഡ് പരിപാടിയില്‍ സംസാരിക്കവെ മാര്‍ക്ക് മില്ലര്‍ വ്യക്തമാക്കി.

കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷ ലക്ഷ്യമിട്ട് ലിബറല്‍ സര്‍ക്കാര്‍ അവതരിപ്പിച്ച മൂന്നാമത്തെ നിയമനിര്‍മ്മാണ ശ്രമമാണ് ബില്‍ സി-34 (സേഫ് സോഷ്യല്‍ മീഡിയ ആക്ട്). ഭൂരിപക്ഷമുള്ളതിനാല്‍ പാര്‍ലമെന്റില്‍ ഈ ബില്‍ പാസാകുമെന്നാണ് വിലയിരുത്തല്‍. നിയമം നിലവില്‍ വരുന്നതോടെ 16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിന് നിരോധനമുണ്ടാകും. എന്നാല്‍, കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന പ്ലാറ്റ്ഫോമുകള്‍ക്ക് ഇതില്‍ ഇളവ് ലഭിക്കും.

വമ്പന്‍ ടെക് കമ്പനികളെ പിന്തുണയ്ക്കുന്ന നിലപാടുകാരനായ ഡൊണാള്‍ഡ് ട്രംപ്, ഇത്തരം സോഷ്യല്‍ മീഡിയ നിരോധനങ്ങള്‍ക്കെതിരെ മുന്‍പും രംഗത്തുവന്നിട്ടുണ്ട്. യു.എസ്-കാനഡ-മെക്‌സിക്കോ വ്യാപാര കരാറിന്റെ (CUSMA) പുനരവലോകനം അടുത്തിരിക്കുന്ന സാഹചര്യത്തില്‍ കാനഡയ്ക്ക് മേല്‍ ശക്തമായ സമ്മര്‍ദ്ദമുണ്ട്. മുന്‍പ് ഡിജിറ്റല്‍ സര്‍വീസ് നികുതി, ഓണ്‍ലൈന്‍ സ്ട്രീമിംഗ് നിയമം എന്നിവയില്‍ അമേരിക്കയുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് കാനഡയ്ക്ക് ചില വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വന്നിരുന്നു.

എന്നാല്‍ സാമ്പത്തിക കാര്യങ്ങളും കുട്ടികളുടെ സുരക്ഷയും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്ന് മന്ത്രി മില്ലര്‍ ചൂണ്ടിക്കാട്ടി. പ്ലാറ്റ്ഫോമുകളില്‍ നിന്നുള്ള വരുമാന വിതരണവും കുട്ടികളുടെ സംരക്ഷണവും രണ്ട് തട്ടിലാണ്. കുട്ടികളുടെ സുരക്ഷയുടെ കാര്യത്തില്‍ യു.എസ് ഭരണകൂടത്തിനും സമാനമായ താല്‍പ്പര്യമുണ്ടാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കയുമായുള്ള വ്യാപാര തര്‍ക്കങ്ങള്‍ നിലനില്‍ക്കുമ്പോഴും, കനേഡിയന്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്ന ബില്ലുമായി ശക്തമായി മുന്നോട്ട് പോകുമെന്ന ഉറച്ച പ്രഖ്യാപനമാണ് കാനഡ ഇപ്പോള്‍ നടത്തിയിരിക്കുന്നത്.