നീതി, സമാധാനം, അന്തർമത സംവാദം എന്നിവയ്ക്കായുള്ള സമർപ്പണം മുൻനിർത്തി ജറുസലേമിലെ ലാറ്റിൻ പാത്രിയർക്കീസായ കർദിനാൾ പിയർബാറ്റിസ്റ്റ പിസബല്ലയെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആദരിച്ചു. ഫ്രാൻസിന്റെ പരമോന്നത ബഹുമതിയായ ‘ലീജൺ ഓഫ് ഓണർ’ (Legion of Honor) ഓഫീസർ പദവിയാണ് അദ്ദേഹത്തിന് സമ്മാനിച്ചത്.
ജൂൺ ഒമ്പതിന് പാരീസിലെ എലീസി കൊട്ടാരത്തിൽ വച്ച് നടന്ന ഔദ്യോഗിക ചടങ്ങിൽ ഫ്രഞ്ച് രാഷ്ട്രീയ-സഭാ നേതാക്കളുടെ വൻ സാന്നിധ്യമുണ്ടായിരുന്നു. വിശുദ്ധ നാട്ടിലെ ജനങ്ങൾക്കായി കർദിനാൾ നൽകിയ അശ്രാന്ത സേവനങ്ങളെ ചടങ്ങിൽ പ്രസിഡന്റ് മാക്രോൺ പ്രത്യേകം പ്രശംസിച്ചു. പ്രസിഡന്റ് മക്രോണുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ, വിശുദ്ധ നാട്ടിലെ ക്രിസ്ത്യൻ സമൂഹം നേരിടുന്ന കഠിനമായ യാഥാർത്ഥ്യങ്ങളെക്കുറിച്ച് കർദിനാൾ പിസബല്ല ആശങ്ക രേഖപ്പെടുത്തി.
വർധിച്ചുവരുന്ന അക്രമങ്ങളും വ്യക്തമായ രാഷ്ട്രീയ ദൂരക്കാഴ്ചകളുടെ അഭാവവും മേഖലയിലെ ക്രിസ്ത്യൻ സാന്നിധ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിലുള്ള രാഷ്ട്രീയ അസ്ഥിരത പ്രാദേശിക ജനവിഭാഗങ്ങളുടെ സുരക്ഷിതത്വമില്ലായ്മ വർധിപ്പിക്കുകയാണെന്നും ഭാവിയെക്കുറിച്ചുള്ള വലിയൊരു അനിശ്ചിതത്വത്തിലേക്കാണ് ഇത് ജനങ്ങളെ നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമൂഹത്തിന്റെ താഴെത്തട്ടിലുള്ള ജനങ്ങളുടെ ആശങ്കകളിലേക്കും ദൈനംദിന ജീവിത പ്രയാസങ്ങളിലേക്കുമാണ് ചർച്ചകൾ വിരൽചൂണ്ടിയതെന്ന് കർദിനാൾ പറഞ്ഞു. പലസ്തീനിലെയും ഇസ്രായേലിലെയും നിലവിലെ സാഹചര്യങ്ങളും, പ്രത്യേകിച്ച് ഗാസ, വെസ്റ്റ് ബാങ്ക്, ജറുസലേം എന്നിവിടങ്ങളിലെ ക്രിസ്ത്യൻ സമൂഹങ്ങളുടെ മാനുഷിക അവസ്ഥകളും മനസ്സിലാക്കാൻ പ്രസിഡന്റ് മാക്രോൺ വലിയ താല്പര്യം കാണിച്ചു. പലസ്തീനിലെ ക്രിസ്ത്യാനികളുടെ ദുരിതങ്ങൾ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമല്ലെന്നും, കുടിയേറ്റ കേന്ദ്രങ്ങളുടെ വ്യാപനവും ഭൂമി കണ്ടുകെട്ടലും സുരക്ഷാക്കുറവും അവരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വർഷങ്ങളായുള്ള യുദ്ധവും തൊഴിലില്ലായ്മയും സൃഷ്ടിച്ച കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം പല ക്രിസ്ത്യൻ കുടുംബങ്ങളും മാതൃരാജ്യം വിട്ട് കുടിയേറാൻ നിർബന്ധിതരാകുകയാണ്. ഈ സാഹചര്യത്തിൽ, ജനങ്ങൾക്ക് സ്വന്തം മണ്ണിൽത്തന്നെ തുടരാനും തങ്ങളുടെ വേരുകൾ സംരക്ഷിക്കാനും ആവശ്യമായ തൊഴിൽ-ജീവിത അവസരങ്ങൾ സൃഷ്ടിക്കാൻ അന്താരാഷ്ട്ര സമൂഹവും പാശ്ചാത്യ രാജ്യങ്ങളിലെ സഭകളും അടിയന്തിരമായി ഇടപെടണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. അക്രമം ഒരു സംസ്കാരമായി മാറിയിരിക്കുന്ന ഈ പ്രദേശത്ത്, പരസ്പര ബഹുമാനം വളർത്താനും നിരാശയിലായ ജനങ്ങൾക്ക് പ്രത്യാശയുടെ പാലമായി മാറാനും സഭ പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം ഉപസംഹരിച്ചു.



