കെനിയയിലെ സ്കൂൾ ഹോസ്റ്റലിന് നേരെയുണ്ടായ തീവയ്‌പ്പിൽ കൊല്ലപ്പെട്ട 16 പെൺകുട്ടികളുടെ സംയുക്ത പ്രാർഥനാ ചടങ്ങിൽ ബന്ധുക്കളും സഹപാഠികളും പൊട്ടിക്കരഞ്ഞു. കെനിയയിലെ നകുരു കൗണ്ടിയിലുള്ള ‘ഉതുമിഷ ഗേൾസ് അക്കാദമി’യിൽ കഴിഞ്ഞ മെയ് 28-നായിരുന്നു ഈ ദാരുണ സംഭവം നടന്നത്. രാജ്യത്ത് വിദ്യാർഥി പ്രതിഷേധങ്ങളുടെ ഭാഗമായി സ്കൂളുകൾക്ക് തീയിടുന്ന സംഭവങ്ങൾ വർധിച്ചുവരുന്നത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
പൊലീസ് ഉദ്യോഗസ്ഥരുടെ മക്കൾ പ്രധാനമായി പഠിക്കുന്ന ഉതുമിഷ അക്കാദമിയിലെ പെൺകുട്ടികളുടെ ഹോസ്റ്റലിലേക്ക് അർദ്ധരാത്രിയിലാണ് തീയിട്ടത്. കുട്ടികൾ ഉറങ്ങിക്കിടക്കവെ കെട്ടിടത്തിന് തീപിടിച്ചതോടെ പലരും ഉള്ളിൽ കുടുങ്ങിപ്പോകുകയായിരുന്നു. 15-നും 18-നും ഇടയിൽ പ്രായമുള്ള 16 പെൺകുട്ടികൾ ആണ് മരണമടഞ്ഞത്. റെഡ് ക്രോസ് കണക്കുകൾ പ്രകാരം 132 കുട്ടികൾക്ക് പരിക്കേറ്റു. ഈ സംഭവവുമായി ബന്ധപ്പെട്ട് ഇതേ സ്കൂളിലെ ഒൻപത് വിദ്യാർഥിനികൾ നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. ഇവർക്കെതിരെയുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
തലസ്ഥാനമായ നെയ്‌റോബിയിൽ നിന്ന് 120 കിലോമീറ്റർ അകലെയുള്ള ഗിൽഗിൽ സ്റ്റേഡിയത്തിലായിരുന്നു പ്രാർഥനാ ചടങ്ങുകൾ നടന്നത്. പൂക്കളാൽ അലങ്കരിച്ച ചെറിയ വെള്ള പെട്ടികൾ സ്റ്റേഡിയത്തിലേക്ക് എത്തിച്ചപ്പോൾ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും നിലവിളി ഉയർന്നു. ചടങ്ങിനിടെ മൂന്ന് അമ്മമാർ ബോധരഹിതരായി വീണു.



