സാങ്കേതിക തകരാറിനെത്തുടർന്ന് യാത്ര മുടങ്ങിയ ലെയോ പതിനാലാമൻ മാർപാപ്പ, സ്പാനിഷ് രാജാവ് ഫിലിപ്പ് വിട്ടുനൽകിയ പ്രത്യേക വിമാനത്തിൽ വത്തിക്കാനിലേക്ക് മടങ്ങി. ടെനറൈഫിലെ ലോസ് റോഡിയോസ് വിമാനത്താവളത്തിൽ വച്ചായിരുന്നു മാർപാപ്പയുടെ വിമാനത്തിന് തകരാർ സംഭവിച്ചത്.

“സ്പെയിൻ രാജാവ് സദയം വിട്ടുനൽകിയ പ്രത്യേക വിമാനത്തിലായിരിക്കും ലെയോ പതിനാലാമൻ മാർപാപ്പ റോമിലേക്ക് മടങ്ങുക. പ്രാദേശിക സമയം വൈകുന്നേരം ആറ് മണിയോടെ പുറപ്പെടുന്ന വിമാനം റോം സമയം രാത്രി 11 മണിയോടെ അവിടെ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വത്തിക്കാൻ ഉദ്യോഗസ്ഥരും മാർപാപ്പയെ അനുഗമിക്കുന്ന മാധ്യമപ്രവർത്തകരും ഐബീരിയ (IBERIA) എയർലൈൻസ് നൽകുന്ന മറ്റൊരു വിമാനത്തിൽ മടങ്ങും” – പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ്സ്  ഓഫീസ് ടെലിഗ്രാമിലൂടെ അറിയിച്ചു.

മാർപാപ്പയ്ക്ക് റോമിലേക്ക് മടങ്ങാൻ നിശ്ചയിച്ചിരുന്ന ഐബീരിയ വിമാനത്തിന്റെ എഞ്ചിന് സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് യാത്ര വൈകിയത്. തുടർന്ന്, പ്രാദേശിക സമയം വൈകുന്നേരം ആറ് മണിക്കു ശേഷമാണ് പുതിയ വിമാനം പുറപ്പെട്ടത്. മാർപാപ്പയുടെ നാലാമത് അന്താരാഷ്ട്ര അപ്പോസ്തോലിക പര്യടനത്തിന് ടെനറൈഫ് നോർത്ത് (ലോസ് റോഡിയോസ്) വിമാനത്താവളത്തിൽ സമാനതകളില്ലാത്ത സന്ദർശനത്തിനാണ് സമാപനമായത്. മാഡ്രിഡ്, ബാഴ്സലോണ, ലാസ് പൽമാസ് ഡി ഗ്രാൻ കനാരിയ, ടെനറൈഫ് എന്നിവിടങ്ങളിലെ ഒരാഴ്ച നീണ്ടുനിന്ന സന്ദർശനത്തിനു ശേഷമായിരുന്നു പാപ്പയുടെ മടക്കം.

പ്രാദേശിക സമയം വൈകുന്നേരം 4:15 ഓടെ ഐബീരിയ എയർബസ് A320 വിമാനം പുറപ്പെടാനൊരുങ്ങുന്നതിനിടെയാണ് എഞ്ചിൻ തകരാർ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ യാത്ര ഏറെ വൈകി. തുടർന്ന് മാർപാപ്പയ്ക്ക് യാത്രയയപ്പ് നൽകിയ സ്പെയിനിലെ ഫിലിപ്പ് ആറാമൻ രാജാവ് തന്നെ വിമാനത്താവളത്തിലെ വിഐപി ലോഞ്ചിലേക്ക് കൂട്ടിക്കൊണ്ടുപോയി. മാർപാപ്പയുടെ സംഘത്തിലുണ്ടായിരുന്ന സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിൻ അടക്കമുള്ള കർദിനാൾമാരും ബിഷപ്പുമാരും വിമാനത്തിൽ നിന്നിറങ്ങി ഇവരെ അനുഗമിച്ചു.

നേരത്തെ നിശ്ചയിച്ച പ്രകാരം തന്നെയായിരുന്നു യാത്രയയപ്പ് ചടങ്ങുകൾ നടന്നത്. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3:45 ഓടെ വിമാനത്താവളത്തിലെത്തിയ ലെയോ പതിനാലാമൻ മാർപാപ്പയെ ഫിലിപ്പ് ആറാമൻ രാജാവും പ്രാദേശിക അധികാരികളും സഭാപ്രതിനിധികളും ചേർന്ന് സ്വീകരിച്ചു. ഇരുരാജ്യങ്ങളുടെയും ദേശീയഗാനാലാപനത്തിനും പതാകവന്ദനത്തിനും ശേഷം മാർപാപ്പയും രാജാവും ഗാർഡ് ഓഫ് ഓണർ പരിശോധിക്കുകയും പ്രതിനിധികളെ അഭിവാദ്യം ചെയ്യുകയും ചെയ്തു.