സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. രണ്ട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് നൽകിയിട്ടുള്ളത്. മധ്യ കേരളത്തിലെ ജില്ലകളിലാണ് കനത്ത മഴയ്ക്ക് മുന്നറിയിപ്പുള്ളത്. ആറ് ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചൽ സാധ്യത കണക്കിലെടുത്ത് മലയോര മേഖലകളിൽ കനത്ത ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇന്ന് അർദ്ധരാത്രി മുതൽ വിവിധ തീരങ്ങളിൽ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന് മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; മറ്റെല്ലാ ജില്ലകളിലും ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.



