കോഴിക്കോട് ചികിത്സയിലുള്ള നിപ ബാധിതന്റെ റൂട്ട് മാപ്പ് പുറത്തുവിട്ട് ആരോഗ്യവകുപ്പ്.
മെയ് 30 മുതൽ ജൂൺ 10 വരെയുള്ള റൂട്ട് മാപ്പാണ് പുറത്തുവിട്ടത്. രോഗി ജൂൺ രണ്ടിന് കോഴിക്കോട് ഒരു സ്വകാര്യ ആശുപത്രിയിൽ സന്ദർശനം നടത്തി. ജൂൺ 3, 4, 5, 6 തീയതികളിൽ ഫറോക്ക് കോളജ് പോസ്റ്റ് ഓഫീസ്, ജൂൺ 7, 8, 9 തീയതികളിൽ രണ്ട് സ്വകാര്യ ആശുപത്രികളിൽ സന്ദർശനം നടത്തി.
ജൂൺ 10ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തി ചികിത്സതേടുകയായിരുന്നു.

നിപ ബാധിതന്റെ സമ്പർക്ക പട്ടികയിൽ 77 ഓളം പേരാണ് ഉള്ളത്. അതിൽത്തന്നെ 58 പേർ ആരോഗ്യപ്രവർത്തകരാണ്. 14 പേർ ബന്ധുക്കലാണെന്നും ആരോഗ്യമന്ത്രി കെ മുരളീധരൻ വ്യക്തമാക്കിയിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ
ചികിത്സയിലുള്ള ഫറോക്ക് കോളേജ് സ്വദേശിയായ 43 കാരനെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയിരിക്കുകയാണ് നിലവിൽ. പുണെ വൈറോളജി ലാബിൽ നിന്നുള്ള സ്രവ പരിശോധനാഫലം പോസിറ്റീവ് ആയിരുന്നു . സ്വന്തം ഗോഡൗൺ വൃത്തിയാക്കിയതിനു ശേഷമാണ് പനി വന്നതെന്നാണ് വിവരം . രോഗം പടർന്നത് വവ്വാലുകളിൽ നിന്നാണെന്നാണ് നിഗമനം. ഇയാൾ ഗോഡൗൺ വൃത്തിയാക്കിയപ്പോൾ വവ്വാലിൻ്റ അവശിഷ്ടങ്ങൾ ഉണ്ടായിരുന്നു.

നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ നിയന്ത്രണം കർശനമാക്കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. രോഗബാധിതനുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരോട് ക്വാറന്റൈനിൽ പോകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടർ എം എസ് മാധവിക്കുട്ടി വ്യക്തമാക്കി.

അതിനിടെ സ്റ്റോക്ക് ഇല്ലാത്ത നിപ ചികിത്സയ്ക്കുള്ള റെംഡെസിവർ മരുന്ന് ലഭ്യമാക്കാൻ നടപടി ആരംഭിച്ചു. മരുന്ന് ലഭ്യമാക്കാൻ സംസ്ഥാനം ICMRനോട് ആവശ്യപ്പെട്ടിട്ടുണ്ട് .പകരം റിബവൈറിൻ ഉപയോഗിക്കാനാണ് തീരുമാനം.