നിപ്പ രോഗബാധിതനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സജ്ജീകരിച്ച പ്രത്യേക ഐസൊലേഷൻ വാർഡിൽ ചികിത്സയിലുള്ള 43കാരന്റെ നില അതീവ ഗുരുതരമെന്ന് ആശുപത്രി വൃത്തങ്ങൾ. മെഡിക്കൽ കോളേജിൽ ഡോക്ടർമാരുടെ പ്രത്യേക സംഘമാണ് രോഗിയുടെ ആരോഗ്യനില നിരീക്ഷിക്കുന്നത്. യുവാവിന്റെ സാമ്പിൽ ഇന്നലെ പൂനെ വൈറോളജി ലാബിലേക്ക് അയച്ചു. ഫലം ഇന്നു ലഭിക്കുന്നതോടെ മാത്രമേ ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകൂ.

രോഗിയുടെ ബന്ധുക്കളോടും മറ്റും സംസാരിച്ച് രോഗിയുടെ റൂട്ട് മാപ്പ് തയാറാക്കുന്ന നടപടികൾ ജില്ലാ ആരോഗ്യ വകുപ്പ് ആരംഭിച്ചു. രോഗി ആദ്യം ചികിത്സ തേടിയെത്തിയ ഡീ അഡിക്‌ഷൻ സെന്റർ, പിന്നീട് പ്രവേശിപ്പിച്ച നഗരത്തിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിൽ രോഗിയുടെ സാന്നിധ്യത്തിൽ ഉണ്ടായിരുന്നവരുടെ വിവരങ്ങളാണ് ആരോഗ്യപ്രവർത്തകർ വിലയിരുത്തുന്നത്. രോഗിയുടെ അടുത്ത സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട അ‍ഞ്ചുപേരുടെ സാമ്പിൾ മെഡിക്കൽ കോളജിൽ വ്യാഴാഴ്ച രോഗനിർണയത്തിനായി പരിശോധിക്കും.

തിരുവനന്തപുരത്ത് ആരോഗ്യമന്ത്രിയുടെ സാന്നിധ്യത്തിലും കോഴിക്കോടും ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം ചേർന്നാകും തുടർനടപടികളിൽ തീരുമാനം എടുക്കുക. ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യമന്ത്രി കെ മുരളീധരൻ പറഞ്ഞു. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഫലം വരാനുണ്ട്. സമ്പർക്കം കൂടുതലുള്ള ആളാണ് രോഗബാധിതൻ. ഇന്ന് ഉന്നതല യോഗം തിരുവനന്തപുരത്ത് ചേരും. നാളെ ഡിഎംഒമാരുടെ യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.

സോപ്പ് ലായനി ഡീലറായ 43 വയസ്സുള്ള യുവാവിനാണ് നിപ്പ ബാധിച്ചത്. ഇദ്ദേഹത്തിന്റെ കാരാടുള്ള ഗോഡൗൺ ഏറെ നാളായി അടഞ്ഞുകിടക്കുകയായിരുന്നു. ശുചിയാക്കാനായി മേയ് 24ന് ഡീലറും സുഹൃത്തും ചേർന്ന് ഗോഡൗൺ തുറന്നു. അപ്പോൾ ഒട്ടേറെ വവ്വാലുകൾ അതിനുള്ളിൽ ഉണ്ടായിരുന്നെന്നും അവ പറന്നപ്പോൾ ശക്തമായി പൊടിപടലങ്ങൾ ഉയർന്നെന്നും രോഗബാധിതൻ പറഞ്ഞിട്ടുണ്ട്. ഇതിൽനിന്നു വവ്വാൽ വഴിയാണു മനുഷ്യരിലേക്ക് വൈറസ് പടരുന്നതെന്ന് ഏതാണ്ടു സ്ഥിരീകരിക്കാം.