ലോകം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോകകപ്പ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, കഴിഞ്ഞ ദിവസങ്ങളിലായി വാർത്തകളിൽ നിറഞ്ഞ വിസ വിവാദത്തിൽ നിലപാട് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലോകകപ്പിനായി രാജ്യത്തേക്ക് ശരിയായ ആളുകൾ മാത്രമാണ് പ്രവേശിക്കുന്നതെന്ന് ഉറപ്പാക്കാൻ തന്റെ ഭരണകൂടം നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് ട്രംപ് വ്യക്തമാക്കി. റോയിട്ടേഴ്‌സാണ് ട്രംപിന്റെ ഈ വാക്കുകൾ ഉദ്ധരിച്ച് വാർത്ത റിപ്പോർട്ട് ചെയ്തത്.

ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിന് മുന്നോടിയായി വ്യാഴാഴ്ച സംസാരിച്ച ട്രംപ്, രാജ്യത്തിന്റെ സുരക്ഷയും കുടിയേറ്റ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് സന്ദർശകർക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിലാണ് തന്റെ ഭരണകൂടം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് പറഞ്ഞു. കാനഡയും മെക്സിക്കോയുമായി ചേർന്ന് നടത്തുന്ന സംയുക്ത വേദിയിൽ, ആകെ നടക്കുന്ന 104 മത്സരങ്ങളിൽ ഭൂരിഭാഗത്തിനും അമേരിക്കയാണ് ആതിഥേയത്വം വഹിക്കുന്നത്. ലോകകപ്പിന് മുന്നോടിയായി അമേരിക്കയുടെ കുടിയേറ്റ, അതിർത്തി നയങ്ങൾ ടൂർമെന്റിന്റെ നിറംകെടുത്തുന്നുവെന്ന വിമർശനങ്ങൾക്കിടെയാണ് ട്രംപിന്റെ ഈ പ്രതികരണം.