സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്നും വൻ ഇടിവ് രേഖപ്പെടുത്തി. ഇന്നലെ രാവിലെ 3160 രൂപയുടെ വമ്പൻ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെ വൈകുന്നേരം 800 രൂപ വീണ്ടും കുറഞ്ഞു. ഇതോടെ ഇന്നലെ മാത്രം 4000 രൂപയോളം കുറവാണ് ഒരു പവൻ സ്വർണ്ണത്തിന് ഉണ്ടായത്. ഇതിന് പിന്നാലെയാണ് വിപണിയിൽ ഇന്നും ഇടിവ് തുടർന്നത്.
പവന് 1,560 രൂപയാണ് ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത്. സമീപകാലത്തെ സ്വർണ്ണ വിപണിയിൽ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് സംസ്ഥാനത്ത് വ്യാപാരം നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഈ മാസം ആദ്യം മുതൽ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസം നൽകിയാണ് സ്വർണ്ണവിപണി മുന്നോട്ട് പോകുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 5500 രൂപയുടെ ഇടിവാണ് സ്വർണ്ണവിലയിലുണ്ടായത്.
വില കുത്തനെ ഇടിഞ്ഞതോടെ സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,06,800 രൂപയായി കുറഞ്ഞു. ഗ്രാമിന് 195 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന് 13,350 രൂപ എന്ന നിരക്കിലാണ് വിപണിയിൽ ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.



