സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് വൻ ഇടിവ് രേഖപ്പെടുത്തി. ഇന്നലെ ഈ മാസം ആദ്യമായി ഉയർന്ന വിപണിയിൽ 80 രൂപയുടെ നേരിയ വർദ്ധനവാണ് ഉണ്ടായിരുന്നത്. ഇതിന് പിന്നാലെയാണ് ഈ മാസത്തെ ഏറ്റവും വലിയ റെക്കോർഡ് ഇടിവ് വിപണിയിൽ രേഖപ്പെടുത്തിയത്. പവന് 3,160 രൂപയാണ് ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത്.

സമീപകാലത്തെ സ്വർണ്ണ വിപണിയിൽ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് സംസ്ഥാനത്ത് വ്യാപാരം നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഈ മാസം ആദ്യം മുതൽ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസം നൽകിയാണ് സ്വർണ്ണവിപണി മുന്നോട്ട് പോകുന്നത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ആകെ 5,000 രൂപയുടെ ഇടിവാണ് സ്വർണ്ണവിലയിലുണ്ടായത്.

വില കുത്തനെ ഇടിഞ്ഞതോടെ സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,09,160 രൂപയായി കുറഞ്ഞു. ഗ്രാമിന് 395 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന് 13,645 രൂപ എന്ന നിരക്കിലാണ് വിപണിയിൽ ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്ന നിരക്കിലേക്ക് നീങ്ങിയ വിലയിലാണ് ഇന്ന് വലിയ തിരുത്തൽ ഉണ്ടായിരിക്കുന്നത്..