നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ തിരുത്തൽ നടപടികളുടെ ഭാഗമായി ജനങ്ങളുടെ അഭിപ്രായം തേടാൻ സിപിഎം തീരുമാനം. തിരുത്തലിനായി പാർട്ടി എന്തെല്ലാം നടപടികൾ സ്വീകരിക്കണമെന്നതിനെ കുറിച്ച് പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാനായി ‘പുതുവഴികൾ’ എന്ന പേരിൽ പുതിയ വാട്സാപ്പ്, ജിമെയിൽ പ്ലാറ്റ്‌ഫോമുകൾ രൂപീകരിച്ചതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അറിയിച്ചു.
പാർട്ടി അനുഭാവികളിൽ നിന്നും എതിരാളികളിൽ നിന്നും മാധ്യമപ്രവർത്തകരിൽ നിന്നും, സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള ജനങ്ങളിൽ നിന്നും പാർട്ടി അഭിപ്രായങ്ങൾ തേടിയിട്ടുണ്ട്. ഇതേ പേരിലുള്ള വെബ്‌സൈറ്റും മൊബൈൽ ആപ്പും വരും ദിവസങ്ങളിൽ ലഭ്യമാകുമെന്ന് എം.വി ഗോവിന്ദൻ അറിയിച്ചു. സംസ്ഥാനത്ത് ഇടതുപക്ഷത്തിന് സംഭവിച്ച തിരിച്ചടിയുടെ കാരണങ്ങൾ കണ്ടെത്താനും അത് തിരുത്താനുമായി എല്ലാ പാർട്ടി പ്രവർത്തകരെയും ഉൾപ്പെടുത്തി വിപുലമായ വിലയിരുത്തൽ പ്രക്രിയകൾ പാർട്ടി നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.



