ഫ്രാൻസിൽ വെച്ച് നടക്കുന്ന ജി7 ഉച്ചകോടിയുടെ ഭാഗമായി ജൂൺ 16-17 തീയതികളിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഫ്രാൻസിലെ എവിയാനിൽ (Evian) വെച്ച് നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇരുനേതാക്കളും എത്തുന്നതോടെയാണ് നേരിട്ടുള്ള ചർച്ചകൾക്ക് വഴിതുറക്കുന്നത്. എങ്കിലും ഈ കൂടിക്കാഴ്ച ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്നും ഉച്ചകോടിക്കിടെയുള്ള ഇരുരുടെയും സമയക്രമങ്ങളും മറ്റ് ഔദ്യോഗിക പരിപാടികളും വിലയിരുത്തിയ ശേഷമേ അന്തിമ തീരുമാനം ഉണ്ടാകൂ എന്നും സ്രോതസ്സുകൾ വ്യക്തമാക്കി.
ജൂൺ 13 മുതൽ 18 വരെ ഫ്രാൻസ്, സ്ലൊവാക്യ എന്നീ രാജ്യങ്ങളിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ആറുദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായാണ് ഈ കൂടിക്കാഴ്ചയ്ക്കുള്ള സാധ്യത ഒരുങ്ങുന്നത്. ഗവൺമെന്റ് വാർത്താക്കുറിപ്പ് അനുസരിച്ച്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുന്നതിനായി ജൂൺ 13-14 തീയതികളിൽ പ്രധാനമന്ത്രി നൈസ് (Nice) സന്ദർശിക്കും. ഈ കൂടിക്കാഴ്ചയിൽ ഇരുനേതാക്കളും ഇന്ത്യ-ഫ്രാൻസ് ബന്ധത്തിന്റെ എല്ലാ വശങ്ങളും അടുത്തിടെ ഉയർത്തിയ പ്രത്യേക ആഗോള തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ (Special Global Strategic Partnership) പശ്ചാത്തലത്തിൽ വിലയിരുത്തും.



