കഴിഞ്ഞ വർഷം കേരള തീരത്ത് കണ്ടെയ്നർ കപ്പലായ ‘എംഎസ്സി എൽസ 3’ മുങ്ങാനിടയായ സംഭവത്തിൽ കപ്പൽ മാനേജ്‌മെന്റിന്റെയും പിന്തുണാ സംവിധാനങ്ങളുടെയും ഭാഗത്തുനിന്ന് വലിയ വീഴ്ചയുണ്ടായതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. മോശം അറ്റകുറ്റപ്പണികളും തകരാറിലായ ഉപകരണങ്ങളും അപര്യാപ്തമായ പരിശീലനവും സുരക്ഷാ മേൽനോട്ടത്തിലെ വീഴ്ചകളുമാണ് ദുരന്തത്തിന് കാരണമായതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരിക്കുന്നത്. 

കപ്പലിലെ ജീവനക്കാർക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാൻ നൽകണമെനന് ആവശ്യപ്പെട്ടുള്ള ഹർജിയെ എതിർത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗിന് വേണ്ടി കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ നൽകിയ ഇടക്കാല റിപ്പോർട്ടിലാണ് ഈ കണ്ടെത്തലുകളുള്ളത്. അതേസമയം ചൊവ്വാഴ്ച കോടതി കപ്പലിലെ മൂന്നു ജീവനക്കാർക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാൻ അനുമതി നൽകിയിട്ടുണ്ട്.