അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത എതിര്‍പ്പുകളെയും ഭീഷണികളെയും മറികടന്ന് കാനഡയെയും അമേരിക്കയെയും ബന്ധിപ്പിക്കുന്ന അതിപ്രധാനമായ ഗോര്‍ഡി ഹൗ അന്താരാഷ്ട്ര പാലം ഈ ആഴ്ച അവസാനം തുറക്കുമെന്ന് കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി സ്ഥിരീകരിച്ചു. ഒന്റാറിയോയെയും മിഷിഗണിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ പാലത്തിന്റെ ഉദ്ഘാടനം ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ പ്രതീകമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

പാര്‍ലമെന്റ് ഹില്ലില്‍ നടന്ന കാബിനറ്റ് യോഗത്തിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് മാര്‍ക്ക് കാര്‍ണി ഇക്കാര്യം വ്യക്തമാക്കിയത്. പൂര്‍ണ്ണമായും കനേഡിയന്‍ നികുതി ദായകരുടെ പണം ഉപയോഗിച്ച് നിര്‍മ്മിച്ച ഈ മള്‍ട്ടി-ബില്യണ്‍ ഡോളര്‍ പദ്ധതിയുടെ ഉദ്ഘാടനം അതിര്‍ത്തി കടന്നുപോകുന്ന കാനഡക്കാര്‍ക്കും അമേരിക്കക്കാര്‍ക്കും ഒപ്പം ഇരുരാജ്യങ്ങളിലെയും വ്യാപാര മേഖലയ്ക്കും വലിയ ഉണര്‍വ് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഫെബ്രുവരിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ ചില അവകാശവാദങ്ങളെത്തുടര്‍ന്ന് പാലത്തിന്റെ ഭാവി പ്രതിസന്ധിയിലായിരുന്നു. അമേരിക്കയ്ക്ക് നല്‍കാനുള്ള നഷ്ടപരിഹാരം കാനഡ പൂര്‍ണ്ണമായി നല്‍കുന്നതുവരെ പാലം തുറക്കാന്‍ അനുവദിക്കില്ല എന്നായിരുന്നു ട്രംപിന്റെ ഭീഷണി. കൂടാതെ പാലത്തിന്റെ ഇരുവശങ്ങളും കാനഡയുടെ ഉടമസ്ഥതയിലാണെന്നും, നിര്‍മ്മാണത്തില്‍ അമേരിക്കന്‍ സാമഗ്രികള്‍ ഉപയോഗിച്ചിട്ടില്ലെന്നും ട്രംപ് ആരോപിച്ചിരുന്നു. എന്നാല്‍ ഈ അവകാശവാദങ്ങള്‍ പൂര്‍ണ്ണമായും തെറ്റാണെന്ന് കാനഡ വ്യക്തമാക്കുന്നു.

6.4 ബില്യണ്‍ ഡോളര്‍ (ഏകദേശം 53,000 കോടിയിലധികം രൂപ) ചെലവഴിച്ച് കാനഡയാണ് പാലം നിര്‍മ്മിച്ചതെന്ന് കാനഡ വ്യക്തമാക്കുന്നു. 2012 ല്‍ ഒപ്പുവെച്ച കാനഡ-മിഷിഗണ്‍ ക്രോസിംഗ് കരാര്‍ പ്രകാരം പാലത്തിന്റെ ഉടമസ്ഥാവകാശം കാനഡയ്ക്കും മിഷിഗണ്‍ സംസ്ഥാനത്തിനുമായി തുല്യമായി വീതിച്ചിരിക്കുന്നു. കാനഡയിലെയും അമേരിക്കയിലെയും തൊഴിലാളികള്‍ ചേര്‍ന്നാണ് പാലം നിര്‍മ്മിച്ചത്. ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള സ്റ്റീല്‍ ഇതിനായി ഉപയോഗിച്ചിട്ടുണ്ട്. ഈ പദ്ധതിയിലൂടെ മിഷിഗണില്‍ മാത്രം 12,600 ലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു.

ടോള്‍ വരുമാനം കാനഡയ്ക്ക്

നിര്‍മ്മാണച്ചെലവ് മുഴുവന്‍ കാനഡ ഒറ്റയ്ക്ക് വഹിച്ചതിനാല്‍, ഈ തുക തിരിച്ചുപിടിക്കുന്നത് വരെ പാലത്തില്‍ നിന്നുള്ള ടോള്‍ വരുമാനം പൂര്‍ണ്ണമായും കാനഡയ്ക്കായിരിക്കും. നിര്‍മ്മാണച്ചെലവ് പൂര്‍ണ്ണമായി ഈടാക്കിക്കഴിഞ്ഞാല്‍, ടോള്‍ വരുമാനത്തിന്റെ 50 ശതമാനം മിഷിഗണ്‍ സംസ്ഥാനത്തിന് നല്‍കാന്‍ വ്യവസ്ഥയുണ്ട്.

കാനഡയിലെ ഹൈവേ 401 നെ അമേരിക്കയിലെ ഇന്റര്‍‌സ്റ്റേറ്റ് 75 ലേക്ക് നേരിട്ട് ബന്ധിപ്പിക്കുന്നതാണ് 2.5 കിലോമീറ്റര്‍ നീളമുള്ള ഈ പുതിയ പാലം. നിലവില്‍ കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന മറ്റ് അതിര്‍ത്തി കടക്കല്‍ കേന്ദ്രങ്ങളെ ആശ്രയിക്കാതെ, ആളുകള്‍ക്കും ചരക്കുകള്‍ക്കും തടസ്സമില്ലാതെ യാത്ര ചെയ്യാന്‍ ഇത് സഹായിക്കും. നിലവിലുള്ള അംബാസഡര്‍ പാലത്തിന്റെ കുത്തക അവസാനിപ്പിക്കാനും ഈ പുതിയ പാതയിലൂടെ സാധിക്കും. ഈ ആഴ്ച അവസാനം റിബണ്‍ കട്ടിംഗ് ചടങ്ങ് നടക്കും. ഏത് ദിവസം മുതലാണ് പൊതുജനങ്ങള്‍ക്ക് ഗതാഗതം അനുവദിക്കുകയെന്നത് സംബന്ധിച്ച ഔദ്യോഗിക തീയതി കാനഡ സര്‍ക്കാര്‍ ഉടന്‍ പുറത്തുവിടുമെന്നാണ് വിവരം.