അഫ്ഗാനിസ്ഥാനിൽ വസ്ത്രധാരണ ചട്ടങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് സ്ത്രീകളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് തടവിലിടുന്ന താലിബാൻ നടപടിയിൽ ഐക്യരാഷ്ട്രസഭ കടുത്ത ആശങ്ക രേഖപ്പെടുത്തി. പടിഞ്ഞാറൻ പ്രവിശ്യയായ ഹെറാത്ത പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സ്ത്രീകളുടെ അറസ്റ്റിനെതിരെയാണ് അഫ്ഗാനിസ്ഥാനിലെ യു. എൻ. ദൗത്യമായ ‘യുനാമ’ രംഗത്തെത്തിയത്. താലിബാൻ ഭരണകൂടം എല്ലാ ജനങ്ങളോടും തുല്യമായി പെരുമാറണമെന്നും യു. എൻ. ആവശ്യപ്പെട്ടു.

എത്ര സ്ത്രീകളെയാണ് താലിബാൻ തടവിലാക്കിയിരിക്കുന്നത് എന്ന് യു. എൻ. വ്യക്തമാക്കിയിട്ടില്ലെങ്കിലും, ഹെറാത്ത് പ്രവിശ്യയിൽ നിന്ന് കുറഞ്ഞത് 21 സ്ത്രീകളെയും പെൺകുട്ടികളെയും താലിബാൻ കസ്റ്റഡിയിലെടുത്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഞായറാഴ്ച രാത്രി വൈകി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയാണ് യുനാമ തങ്ങളുടെ ആശങ്ക പരസ്യമാക്കിയത്. “വസ്ത്രധാരണത്തിന്റെ പേരിൽ ഹെറാത്ത പ്രദേശത്ത് സ്ത്രീകളെ തുടർച്ചയായി അറസ്റ്റ് ചെയ്യുന്നതും തടവിലാക്കുന്നതും മനുഷ്യാവകാശ ലംഘനമാണ്. രാജ്യത്തെ എല്ലാ ജനങ്ങൾക്കും സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശമുണ്ട്. സ്ത്രീകളും പുരുഷന്മാരും നിയമത്തിന് മുന്നിൽ തുല്യരാണെന്ന കാര്യം താലിബാൻ ഭരണകൂടത്തെ ഞങ്ങൾ ഓർമ്മിപ്പിക്കുന്നു” എന്നായിരുന്നു യുനാമ പറഞ്ഞത്.

ഭരണകൂടം നിർദേശിക്കുന്ന രീതിയിലുള്ള കൃത്യമായ ഹിജാബ് ധരിക്കാതെ സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ ഇറങ്ങരുതെന്ന താലിബാന്റെ പുതിയ ഉത്തരവിന് പിന്നാലെയാണ് ഈ അറസ്റ്റുകൾ നടന്നത്. മുഖം വ്യക്തമാകുന്ന രീതിയിൽ വസ്ത്രം ധരിക്കുന്നവർക്കും, മേക്കപ്പ് ധരിക്കുന്നവർക്കും എതിരെ കർശനമായ ശിക്ഷാനടപടികൾ ഉണ്ടാകുമെന്നും താലിബാൻ മുന്നറിയിപ്പ് നൽകിയിരുന്നു.