20,000 ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടെന്ന് മെറ്റ. എഐ ഇൻസ്റ്റാഗ്രാം അക്കൗണ്ട് റിക്കവറി സിസ്റ്റത്തിലെ പിഴവാണ് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടാൻ വഴിയൊരുക്കിയത്. ഉപയോക്താക്കൾ അക്കൗണ്ട് റിക്കവർ ചെയ്യാൻ സഹായിക്കുന്ന ഹൈ ടച്ച് സപ്പോർട്ട് എന്ന എഐ അധിഷ്ഠിത ടൂളിലെ സുരക്ഷാ വീഴ്ചയാണ് ഹാക്കർമാർ മുതലെടുത്തത്.

മെറ്റയുടെ ചാറ്റ്ബോട്ടിനോട് ഇമെയിൽ അഡ്രസ് ടാർഗെറ്റ് ചെയ്ത അക്കൗണ്ടുമായി ലിങ്ക് ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ട് ഹാക്കർമാർ നിരവധി ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ഹാക്ക് ചെയ്യുകയായിരുന്നു. ഇത് ഹാക്കർമാർക്ക് അക്കൗണ്ട് പാസ്‌വേഡ് റീസെറ്റ് ചെയ്ത് അതിന്റെ നിയന്ത്രണം പൂർണമായി ഏറ്റെടുക്കുകയായിരുന്നു. നിരവധി ഹൈ പ്രൊഫൈൽ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ട് ഡാർക്ക് വെബിൽ വിറ്റഴിക്കപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഒബാമ വൈറ്റ് ഹൗസ്, സെഫോറ, യുഎസ് സ്‌പേസ് ഫോഴ്‌സ് ചീഫ് മാസ്റ്റർ സർജന്റ് ജോൺ ബെന്റിവേഗ്ന എന്നിവരുടെ അക്കൗണ്ടുകളും ഇതിൽ ഉൾപ്പെടുന്നു.

ഏപ്രിൽ 17-നാണ് ആദ്യത്തെ ആക്രമണം നടന്നതെന്നാണ് വിലയിരുത്തുന്നത്. മേയ് 31-നാണ് മെറ്റാ സുരക്ഷാ വീഴ്ച കണ്ടെത്തുന്നത്. പ്രശ്നം പൂർണ്ണമായും പരിഹരിച്ചതായി മെറ്റയുടെ കമ്മ്യൂണിക്കേഷൻസ് വൈസ് പ്രസിഡന്റ് ആൻഡി സ്റ്റോൺ അറിയിച്ചു. ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകൾ പുതിയ പാസ്‌വേഡും കൂടുതൽ സുരക്ഷാ പരിശോധനകളും കഴിഞ്ഞശേഷം പ്രവേശനം നൽകുമെന്ന് മെറ്റ അറിയിച്ചിട്ടുണ്ട്.