കുടിയേറ്റ വിരുദ്ധ നിലപാടുകളില്‍ ട്രംപ് ഭരണകൂടത്തിന് യുഎസ് ഫെഡറല്‍ കോടതിയില്‍ നിന്ന് കനത്ത തിരിച്ചടി. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി 39 രാജ്യങ്ങളില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് അഭയം, വര്‍ക്ക് പെര്‍മിറ്റ്, ഗ്രീന്‍ കാര്‍ഡ്, പൗരത്വം എന്നിവ നിഷേധിച്ചുകൊണ്ടുള്ള ട്രംപ് സര്‍ക്കാരിന്റെ വിവാദ നയം യുഎസ് കോടതി റദ്ദാക്കി. റോഡ് ഐലന്‍ഡിലെ പ്രൊവിഡന്‍സ് ചീഫ് യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ജോണ്‍ മക്കോണലാണ് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസിന്റെ നടപടികള്‍ പൂര്‍ണ്ണമായും നിയമവിരുദ്ധമാണെന്ന് വിധി പ്രസ്താവിച്ചത്.

ജനിച്ച രാജ്യം കുറ്റമല്ല; രൂക്ഷ വിമര്‍ശനവുമായി കോടതി

കുടിയേറ്റ ഏജന്‍സിയുടെ ഈ കടുംവെട്ട് നയം അമേരിക്കയില്‍ നിയമപരമായി ജീവിക്കുന്ന പതിനായിരക്കണക്കിന് മനുഷ്യരുടെ ജീവിതത്തെ അനിശ്ചിതത്വത്തിലാക്കിയെന്ന് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ നിയമിച്ച ജഡ്ജിയായ മക്കോണല്‍ ചൂണ്ടിക്കാട്ടി. യുഎസ്സിഐഎസ് അപേക്ഷകള്‍ ബോധപൂര്‍വ്വം തടഞ്ഞുവെച്ചതില്‍ ഈ കുടിയേറ്റക്കാരുടെ ഭാഗത്ത് യാതൊരു തെറ്റുമില്ല. അവര്‍ ജനിച്ച രാജ്യം ഏതാണെന്ന ഒരൊറ്റ കാരണം മാത്രമാണ് അവരെ ഈ നിയമക്കുരുക്കിലേക്ക് തള്ളിവിട്ടത്. രാജ്യം പാസാക്കിയ നിയമങ്ങളും ചട്ടങ്ങളും പൂര്‍ണ്ണമായി പാലിച്ചിട്ടും, മാസങ്ങളോളം അപേക്ഷകളില്‍ തീരുമാനമാകാതെ ഇവര്‍ക്ക് കാത്തുനില്‍ക്കേണ്ടി വന്നു.

നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണ്. ഇവിടെ ഇമിഗ്രേഷന്‍ ഏജന്‍സി നിയമം പാലിക്കുകയോ കാര്യങ്ങള്‍ ശരിയായ രീതിയില്‍ ചെയ്യുകയോ ചെയ്തിട്ടില്ല. കോണ്‍ഗ്രസ് നടപ്പിലാക്കിയ കുടിയേറ്റ നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണിത്. കുടിയേറ്റക്കാരുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെയും ലേബര്‍ യൂണിയനുകളുടെയും കൂട്ടായ്മ കഴിഞ്ഞ മാര്‍ച്ചില്‍ നല്‍കിയ ഹര്‍ജിയിലാണ് ഈ നിര്‍ണായക ഉത്തരവ്. ട്രംപ് ഭരണകൂടം അധികാരമേറ്റതിന് പിന്നാലെ കഴിഞ്ഞ നവംബര്‍ മുതലാണ് യാത്രാ വിലക്കിന്റെ മറവില്‍ 39 രാജ്യങ്ങളില്‍ നിന്നുള്ളവരുടെ അപേക്ഷകള്‍ സ്വീകരിക്കുന്നത് യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പിന് കീഴിലുള്ള ഇമിഗ്രേഷന്‍ ഏജന്‍സി തടഞ്ഞുവെച്ചത്.

ആഫ്രിക്ക, ഏഷ്യ, ലാറ്റിന്‍ അമേരിക്ക, പശ്ചിമേഷ്യ മേഖലകളില്‍ നിന്നുള്ള രാജ്യങ്ങളാണ് ട്രംപിന്റെ ലക്ഷ്യമിടല്‍ പട്ടികയില്‍ ഉണ്ടായിരുന്നത്. അമേരിക്കന്‍ സെനറ്റ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നടപടികള്‍ക്ക് ഫണ്ട് അനുവദിച്ച അതേ ദിവസം തന്നെയാണ് കോടതിയില്‍ നിന്ന് ട്രംപിന് പ്രഹരമേല്‍പ്പിച്ചുകൊണ്ടുള്ള ഈ വിധി വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. അതേസമയം, കോടതി വിധിയോട് പ്രതികരിക്കാന്‍ യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി ഇതുവരെ തയ്യാറായിട്ടില്ല.