ഡൽഹി മേയറുടെ ഓഫീസിന് വ്യാഴാഴ്ച ബോംബ് ഭീഷണിയടങ്ങിയ ഇമെയിൽ സന്ദേശം ലഭിച്ചു. ഇതേ തുടർന്ന് ഡൽഹി പോലീസും മറ്റ് സുരക്ഷാ ഏജൻസികളും വിപുലമായ സുരക്ഷാ പരിശോധനയും അന്വേഷണവും ആരംഭിച്ചു. ഡോ. എസ്.പി. മുഖർജി സിവിക് സെന്ററിലുള്ള മേയറുടെ ഓഫീസിന്റെ ഔദ്യോഗിക ഇമെയിൽ ഐഡിയിലാണ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഡൽഹിയിലും ഹരിയാനയുടെ അയൽ പ്രദേശങ്ങളിലും ക്ഷേത്രങ്ങളിലും റെയിൽവേ ട്രാക്കുകളിലും ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ ബോംബ് സ്ഫോടനങ്ങൾ ഉണ്ടാകുമെന്നാണ് ഭീഷണി സന്ദേശത്തിൽ മുന്നറിയിപ്പ് നൽകുന്നത്.

ജൂൺ 5, 6 തീയതികളിൽ ഡൽഹി, ചണ്ഡീഗഡ്, അംബാല, റെയിൽവേ റൂട്ടുകളിലും ഇംപ്രൊവൈസ്ഡ് സ്ഫോടകവസ്തു (ഐഇഡി) ആക്രമണങ്ങൾ നടത്തുമെന്നാണ് സന്ദേശത്തിൽ അവകാശപ്പെടുന്നത്. ഈ കാലയളവിൽ ആളുകളോട് യാത്ര ചെയ്യരുതെന്നും ഇമെയിലിൽ നിർദ്ദേശിക്കുന്നുണ്ട്. 1984-ലെ ഓപ്പറേഷൻ ബ്ലൂ സ്റ്റാറിനെ കുറിച്ചും സന്ത് ജർണയിൽ സിംഗ് ഭിന്ദ്രൻവാലയെ കുറിച്ചും പരാമർശിക്കുന്ന സന്ദേശത്തിൽ, ഈ ആക്രമണങ്ങൾ പ്രതികാര നടപടിയായിരിക്കുമെന്നും അവകാശപ്പെടുന്നു.