വെള്ളിയാഴ്ച രാവിലെ നോയിഡയുടെ വിവിധ ഭാഗങ്ങളിൽ രണ്ടു വ്യത്യസ്ത തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്തു. വിവരമറിഞ്ഞ് അഗ്നിശമന സേന അതിവേഗം സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. സെക്ടർ 75-ലെ ‘ഐവി കൗണ്ടി’ എന്ന റെസിഡൻഷ്യൽ സൊസൈറ്റിയിലെ ബഹുനില ടവറിന്റെ 12-ാം നിലയിലെ ഒരു ഫ്ലാറ്റിലാണ് വലിയ രീതിയിലുള്ള തീപിടിത്തമുണ്ടായത്. തീപിടുത്തത്തെ കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് അഗ്നിശമന വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തീയണയ്ക്കൽ പ്രവർത്തനങ്ങൾ ആരംഭിച്ചു.
തീപിടിത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. പിന്നീട് ഫയർഫോഴ്സ് ജീവനക്കാർ തീ നിയന്ത്രണവിധേയമാക്കി. അപകടത്തിൽ ആർക്കും പരിക്കേൽക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ട്. ഇതേസമയം, സെക്ടർ 75 ലെ സംഭവസ്ഥലത്ത് നിന്നും ഏകദേശം 15 മിനിറ്റ് മാത്രം ദൂരമുള്ള സെക്ടർ 52-ലെ ശതാബ്ദി വിഹാർ ഇ-3-ലുള്ള ഒരു പേയിംഗ് ഗസ്റ്റ് (പി.ജി) താമസ സ്ഥലത്തും തീപിടിത്തമുണ്ടായതായി റിപ്പോർട്ട് ചെയ്തു.



