വാഹനമോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശനെ ട്രോളി എഎ റഹീം എംപി. ജെന്‍സിയോട് കള്ളത്തരം കാണിക്കാന്‍ നിക്കരുതെന്നും അവര്‍ ചുവന്ന കരങ്ങളോടെ തൂക്കുമെന്നും എഎ റഹീം പറഞ്ഞു. പൂക്കി മുഖ്യമന്ത്രി എന്നാണല്ലോ അദ്ദേഹം സ്വയം ഇട്ടിരിക്കുന്ന പേര്. യഥാര്‍ഥ വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ പൂക്കി മുഖ്യമന്ത്രി എന്നതില്‍ അക്ഷരം മാറ്റിയാണ് കമന്റുകള്‍ വരുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് യുവാക്കള്‍ക്ക് വി ഡി സതീശന്‍ പൊളളയും നിരുത്തരവാദപരമായ വാഗ്ദാനമാണ് നല്‍കിയതെന്നും അദ്ദേഹം ആഞ്ഞടിച്ചു.

ധവളപത്രം കേരളത്തിനെതിരായ കേന്ദ്രനീക്കങ്ങളുടെ അതേ രൂപരേഖയെന്ന് എഎ റഹീം എംപി വിമര്‍ശിച്ചു. ധവളപത്രത്തിലെ പ്രഖ്യാപനങ്ങള്‍ പൊതുമേഖലയെ തകര്‍ക്കുന്നവയാണ്. പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയാല്‍ അതി ശക്തമായ യുവജനപ്രക്ഷോഭങ്ങള്‍ ഉണ്ടാകുമെന്നും ഇക്കാര്യത്തില്‍ യൂത്ത് കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും എഎ റഹീം ആവശ്യപ്പെട്ടു. കേരളം ആര്‍ജിച്ചെടുത്ത നേട്ടങ്ങളെ അപായപ്പെടുത്താനും വളര്‍ച്ചയില്ലാതാക്കാനുമുള്ള കാര്യങ്ങളാണ് ധവളപത്രത്തിലുള്ളതെന്നും അദ്ദേഹം ആഞ്ഞടിച്ചു.

എല്ലാം വിറ്റഴിക്കുന്ന, എല്ലാ മേഖലകളേയും സ്വകാര്യവത്കരിക്കുന്ന, എല്ലാ മേഖലയേയും കരാര്‍വത്കരിക്കുന്ന, ലെസ് ഗവേണന്‍സ് അടിസ്ഥാന മന്ത്രമായി സ്വീകരിച്ചിരിക്കുന്ന കേന്ദ്രത്തിന്റെ രൂപരേഖയുടെ തനിയാവര്‍ത്തനമാണ് ഇവിടേയും കണ്ടതെന്ന് എഎ റഹീം പറഞ്ഞു. മുഖ്യമന്ത്രി സതീശനില്‍ നരസിംഹറാവുവിനേയും നരേന്ദ്രമോദിയേയും ഇന്ന് കണ്ടു. ആശങ്കയുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.