12 വിദേശ പൗരന്മാരടക്കം 21 പേരുടെ മരണത്തിനിടയാക്കിയ ഡൽഹി മാളവ്യ നഗറിലെ ഹോട്ടൽ തീപിടിത്തത്തിന് പിന്നാലെ നഗരത്തിൽ കർശന പരിശോധനയ്ക്ക് ഒരുങ്ങി ഡൽഹി സർക്കാർ. അഗ്നിരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്ന കെട്ടിടങ്ങൾക്കും സ്ഥാപനങ്ങൾക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ബുധനാഴ്ചയാണ് (ജൂൺ 3) രാജ്യതലസ്ഥാനത്തെ നടുക്കിയ തീപിടിത്തമുണ്ടായത്.

2022-ന് ശേഷം ഡൽഹിയിലുണ്ടാകുന്ന ഏറ്റവും വലിയ അഗ്നിബാധയാണിത്. സമീപത്തുള്ള ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്ന രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും ഇടയിൽ ഏറെ ജനപ്രീതിയുള്ള ഹോട്ടലിലാണ് അപകടമുണ്ടായതെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. സംഭവത്തിൽ പോലീസ് ക്രിമിനൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നിർമാണ ചട്ടങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും ലംഘിച്ചെന്ന കേസിൽ കെട്ടിട ഉടമ അറസ്റ്റിലായിട്ടുണ്ട്.

നഗരത്തിലുടനീളം കർശന പരിശോധന നടത്താനാണ് സർക്കാരിൻ്റെ തീരുമാനം. അഗ്നിരക്ഷാ മാനദണ്ഡങ്ങളും കെട്ടിട നിർമാണ ചട്ടങ്ങളും ലംഘിച്ച് പ്രവർത്തിക്കുന്ന എല്ലാ ഗസ്റ്റ് ഹൗസുകൾക്കും മറ്റ് സ്ഥാപനങ്ങൾക്കുമെതിരെ നടപടിയുണ്ടാകും. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾ സീൽ ചെയ്യുമെന്നും ഉത്തരവാദികളായവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.

ബംഗ്ലാദേശ്, നൈജീരിയ, മൊസാംബിക്ക്, ലൈബീരിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് മരിച്ച വിദേശികളെന്നാണ് മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് അതത് രാജ്യങ്ങളുടെ എംബസികളുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയശങ്കർ തൻ്റെ എക്സ് അക്കൗണ്ടിലൂടെ വ്യക്തമാക്കി.