ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ടി20 നായകസ്ഥാനത്ത് നിന്ന് സൂര്യകുമാർ യാദവിനെ നീക്കിയതായി റിപ്പോർട്ട്. അയർലൻഡിനെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിലേക്ക് സൂര്യകുമാർ യാദവിനെ വിളിക്കേണ്ടെന്നാണ് ടീം മാനേജ്മെന്റിന്റെ നിലപാട്. ഇക്കാര്യം പിടിഐയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സൂര്യകുമാർ യാദവിനെ നായകസ്ഥാനത്ത് നിന്ന് നീക്കിയാൽ കളിക്കാരനെന്ന നിലയിൽ അവസരം ലഭിക്കാനുള്ള സാധ്യതയും വിരളമാണെന്ന് പറയാം.

സൂര്യകുമാറിനെ ടി20 നായകസ്ഥാനത്ത് നിന്ന് നീക്കിയതോടെ ആരാവും ഇന്ത്യയുടെ പുതിയ നായകൻ എന്നതാണ് ചോദ്യം. സഞ്ജു സാംസണെ ക്യാപ്റ്റനാക്കണമെന്നാണ് പരിശീലകനായ ഗൗതം ഗംഭീറിന്റെ ആവശ്യം. മുൻ രാജസ്ഥാൻ റോയൽസ് നായകനായ സഞ്ജു സാംസൺ ഗംഭീറുമായി വളരെ മികച്ച ബന്ധത്തിലാണ്. എന്നാൽ സഞ്ജുവിനെ നായകനാക്കാൻ ടീം സെലക്ടർമാർക്ക് വലിയ താൽപര്യമില്ലെന്നാണ് ടെെംസ് നൗവിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നത്.

അങ്ങനെ വരുമ്പോൾ രണ്ട് പേരുകളിലേക്കാണ് ഇന്ത്യൻ ടീം സെലക്ടർമാർ എത്തുന്നത്. അതിൽ സഞ്ജു സാംസണില്ല. ശ്രേയസ് അയ്യർ, തിലക് വർമ എന്നിവരിലൊരാളെ നായകനാക്കണമെന്നാണ് അജിത് അഗാർക്കർ തലവനായ സെലക്ടർമാരുടെ തീരുമാനം. എന്നാൽ ഇതിലും പ്രശ്നങ്ങളേറെയാണ്. നിലവിൽ ഇന്ത്യയുടെ ടി20 ടീമിന്റെ ഭാഗമല്ലാത്ത ശ്രേയസ് അയ്യരെ പെട്ടെന്ന് നായകസ്ഥാനത്തേക്ക് കൊണ്ടുവരികയെന്നത് ഒട്ടും എളുപ്പമാവില്ല.

ശ്രേയസ് ക്ലാസിക് ശെെലിയിൽ റൺസുയർത്തുന്ന താരമാണ്. പഞ്ചാബ് കിങ്സിന്റെ നായകനായ ശ്രേയസ് അയ്യർ കൊൽക്കത്ത നെെറ്റ് റെെഡേഴ്സിനെ കപ്പിലേക്കെത്തിച്ചിട്ടുമുണ്ട്. അന്ന് ഗൗതം ഗംഭീർ കെകെആറിന്റെ പരിശീലകനായിരുന്നു. ഈ കൂട്ടുകെട്ട് ഇന്ത്യൻ ടീമിലേക്കും കൊണ്ടുവരാനുള്ള നീക്കമാണ് സെലക്ടർമാർക്കുള്ളത്. എന്നാൽ ഗംഭീറിന്റെ പിടിയിൽ നിൽക്കുന്ന ക്യാപ്റ്റനായിരിക്കില്ല ശ്രേയസ് അയ്യർ.

അതുകൊണ്ടുതന്നെ ടീമിനുള്ളിൽ ഭിന്നത രൂപപ്പെടാൻ സാധ്യത കൂടുതലാണെന്ന് തന്നെ പറയാം. മറ്റൊരു സാധ്യത തിലക് വർമയെ നായകനാക്കുകയെന്നതാണ്. ഇന്ത്യയുടെ എ ടീമിന്റെ നായകനായ തിലക് വർമയെ ഭാവി മുന്നിൽക്കണ്ട് ക്യാപ്റ്റനാക്കാം എന്ന ആലോചന സെലക്ടർമാർക്കുണ്ട്. പക്ഷെ തിലകിന്റെ സ്ഥിരതയാണ് പ്രശ്നം. പ്രതിഭാശാലിയായ ബാറ്റ്സ്മാനാണെങ്കിലും തിലകിനെ വിശ്വസ്തനെന്ന് വിളിക്കാൻ സാധിക്കില്ല.