കുവൈറ്റ് സിറ്റി: കുവൈറ്റ് വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഇന്ത്യക്കാരനെന്ന് സ്ഥിരീകരിച്ച് എംബസി. മരിച്ചയാൾ ഏത് സംസ്ഥാനക്കാരൻ ആണെന്നോ പേര് വിവരങ്ങളോ അധികൃതർ പുറത്ത് വിട്ടിട്ടില്ല. കുവൈറ്റ് വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ ആക്രമണങ്ങളിലാണ് ഒരാൾ കൊല്ലപ്പെടുകയും 63 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തതത്.

മരിച്ചത് ഇന്ത്യക്കാരനാണെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിനൊടുവിലാണ് കുവൈറ്റിലെ ഇന്ത്യൻ എംബസി തന്നെ സ്ഥിരീകരണവുമായെത്തിയത്. ‘കുവൈറ്റ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരന് സംഭവിച്ച ദാരുണമായ മരണത്തിൽ കുവൈറ്റിലെ ഇന്ത്യൻ എംബസി അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. ദുഃഖിതരായ കുടുംബവുമായി എംബസി ബന്ധപ്പെടുകയും, സംഭവത്തിൽ പരിക്കേറ്റവർക്കും സാധ്യമായ എല്ലാ പിന്തുണയും സഹായവും നൽകുന്നതിന് കുവൈറ്റ് അധികൃതരുമായി അടുത്ത ബന്ധം പുലർത്തുകയും ചെയ്യുന്നു.’ എംബസി ട്വിറ്ററിൽ പറഞ്ഞു.

വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റവരിൽ 7 പേർക്ക് അടിയന്തര ശാസ്ത്രക്രിയ വേണ്ടി വന്നു. ആക്രമണത്തെ ശക്തമായി അപലപിച്ച കുവൈറ്റ്, തിരിച്ചടിക്കുമെന്ന സൂചന നൽകി. കുവൈറ്റിലെ നയതന്ത്ര മിഷൻ ഓഫീസുകളും ആക്രമിക്കപ്പെട്ടു. ആക്രമണത്തിന് പിന്നാലെ വിമാന സർവീസുകൾ താൽക്കാലികമായി നിലച്ചിരുന്നു.

ബുധനാഴ്ച പുലർച്ചെയുണ്ടായ വ്യോമാക്രമണ പരമ്പരകളിലാണ് കുവൈറ്റിൽ ആരാൾ കൊല്ലപ്പെട്ടത്. രാജ്യാന്തര വിമാനത്താവളത്തിന് നേരെയാണ് ഇറാൻ ഡ്രോൺ, മിസൈൽ ആക്രമണം നടത്തിയത്. വിമാനത്താവളത്തിൻ്റെ പ്രധാന ടെർമിനലിന് (ടി വൺ) കാര്യമായ നാശനഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

ആക്രമത്തിന് പിന്നാലെ കുവൈറ്റ് വിമാനത്താവളത്തിൻ്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കുകയും വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും രാജ്യത്തിൻ്റെ സുരക്ഷ ഉറപ്പാക്കാൻ സൈന്യം പൂർണ സജ്ജമാണെന്നും കുവൈറ്റ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

വിമാനങ്ങൾ വഴിവിരിച്ചതിനെത്തുടർന്ന് കോഴിക്കോട് നിന്നും കുവൈറ്റിലേയ്ക്ക് പുറപ്പെട്ട ഐഎക്സ് 393 എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പാതി വഴിയിൽ നിന്ന് കോഴിക്കോട്ടേക്ക് തന്നെ തിരിച്ചു വിട്ടിരുന്നു.