കെഎസ്ഇബി സോളാർ പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. പദ്ധതിയിൽ ഇതുവരെ 3.16 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് വിലയിരുത്തൽ.കോട്ടയം, കാസർഗോഡ് ജില്ലകളിൽ ആരംഭിച്ച സോളാർ പദ്ധതികളിലാണ് അനാസ്ഥയും ക്രമക്കേടും ആരോപിക്കുന്നത്. എറണാകുളം സ്വദേശി കെ. ഗോവിന്ദൻ നമ്പൂതിരി നൽകിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്.

കോട്ടയം ഏറ്റുമാനൂരിൽ ഒരു മെഗാവാട്ട് ശേഷിയുള്ള പദ്ധതി 6.68 കോടി രൂപ ചെലവിൽ കരാർ നൽകിയിരുന്നു. ഇതിൽ 2.48 കോടി രൂപ ചെലവഴിച്ചിട്ടും പദ്ധതി പുരോഗമിച്ചിട്ടില്ലെന്നാണ് കണ്ടെത്തൽ.കാസർഗോഡ് ജില്ലയിൽ മയിലാട്ടിയിൽ ഗ്രിഡ് ബന്ധിത സോളാർ ആയിരുന്നു ആരംഭിക്കാൻ ഉദേശിച്ചിരുന്നത്. ഇതിനായി പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും പദ്ധതി എവിടെയും എത്തിയിട്ടില്ല. ഉദ്യോഗസ്ഥ തലത്തിൽ വലിയ അഴിമതി നടന്നതായാണ് ഉയരുന്ന ആരോപണം.