തിരുവനന്തപുരം: നെടുമങ്ങാട് ഒന്നരവയസുകാരന്റെ കൊലപാതകത്തിൽ പ്രതികൾക്ക് എതിരെ വെളിപ്പെടുത്തലുമായി അഷ്കറിന്റെ ഉമ്മ. അഷ്കറും അഖിലയും കുഞ്ഞിനെ ക്രൂരമായി മർദിക്കുന്നത് കണ്ടിട്ടുണ്ടെന്നും കുട്ടിയുടെ കൈ ഒടിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് ആശുപത്രിയിൽ എത്തിച്ചതെന്നും അവർ പറഞ്ഞു. ആഹാരം കഴിക്കാത്തതിനും കരയുന്നതിനും കുഞ്ഞിനെ അഷ്കർ ഉപദ്രവിച്ചിരുന്നു. ആഹാരം കഴിക്കാത്തതിന് അഷ്കർ കുഞ്ഞിനെ ചവിട്ടാറുണ്ട്. ആ മർദനത്തിലാകാം കുഞ്ഞ് മരിച്ചതെന്നും അഷ്കറിന്റെ ഉമ്മ മാധ്യമങ്ങളോട് പറഞ്ഞു.
ഒന്നരവയസ്സുകാരൻ അർഷിദ് നേരിട്ടത് അതിക്രൂരമർദ്ദനമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുട്ടിയുടെ ശരീരത്തിൽ 91 മുറിവുകളുണ്ടെന്ന് പോസ്റ്റ്മോർട്ടത്തില്‍ കണ്ടെത്തി. മർദ്ദനം മൂലമുണ്ടായ ക്ഷതവും ആന്തരിക രക്തസ്രാവുമാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റുമോർട്ടത്തിന് ശേഷം ഡോക്ടറിൽ നിന്നും പൊലീസിന് ലഭിച്ച വിവരം. അഷ്ക്കറും കുട്ടിയുടെ അമ്മ അഖിലയും ഒരുമിച്ചുള്ള താമസത്തിന് ഒന്നരവയസ്സുകാരൻ തടസ്സമായി മാറിയതിനെ തുടർന്നാണ് കുട്ടിയെ ഉപദ്രവിച്ച് തുടങ്ങിയത്. അഷ്ക്കർ മർദ്ദിക്കുകയും കുഞ്ഞിനെ ഭിത്തിയിൽ ഇടിക്കുകയും ചെയ്യുമ്പോള്‍ അമ്മ അഖിലെ തടയുകയോ പൊലീസിനെ വിവരം അറിയിക്കുകയോ ചെയ്തില്ല. കുഞ്ഞിന്റെ രണ്ട് കൈകളും ഒടിഞ്ഞ് മരിക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് ചികിത്സ തേടിയിരുന്നു. പടിയിൽ നിന്നും വീണതെന്നാണ് ആശുപത്രിയിൽ പറഞ്ഞിരുന്നത്. പക്ഷെ മർദ്ദനത്തിൽ കൈകള്‍ക്ക് പരിക്കേറ്റുവെന്നാണ് പൊലീസിന്റെ സംശയം.



