ന്യൂഡൽഹി: ആദ്യവിവാഹം നിയമപരമായി വേർപെടുത്താത്തതിനാൽ രണ്ടാം വിവാഹം അസാധുവാണെന്ന് കണ്ടെത്തിയാലും അശരണയായ സ്ത്രീക്ക് ജീവനാംശം നൽകാൻ ഭർത്താവിന് ബാധ്യതയുണ്ടെന്ന് ഡൽഹി ഹൈക്കോടതി. വിവാഹം അസാധുവാണെന്ന കുടുംബ കോടതി വിധി ശരിവെച്ചെങ്കിലും സാമ്പത്തികമായി ഒന്നുമില്ലാത്ത സ്ത്രീക്ക് ജീവനാംശം നിഷേധിക്കുന്നത് വലിയ അനീതിക്കും ദുരിതത്തിനും കാരണമാകുമെന്ന് കോടതി നിരീക്ഷിച്ചു. ഇതനുസരിച്ച് സ്ത്രീക്ക് പ്രതിമാസം 9000 രൂപ സ്ഥിരമായി ജീവനാംശം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു.
ജസ്റ്റിസുമാരായ വിവേക് ചൗധരി, രേണു ഭട്നാഗർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി. നിലവിൽ ഒരു വൃദ്ധസദനത്തിൽ കഴിയുന്ന ഹർജിക്കാരിക്ക് സ്വന്തമായി വരുമാനമാർഗ്ഗങ്ങളോ സ്വത്തോ കുടുംബത്തിന്റെ പിന്തുണയോ ഇല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേസമയം, എതിർകക്ഷിയായ ഭർത്താവ് വിരമിച്ച സർക്കാർ ജീവനക്കാരനാണെന്നും കൃത്യമായി പെൻഷൻ ലഭിക്കുന്നതിനാൽ സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലാണെന്നും കോടതി വിലയിരുത്തി.
‘തന്റെ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയത് പ്രകാരം ഭർത്താവ് വിരമിച്ച സർക്കാർ ജീവനക്കാരനും നിലവിൽ വലിയ ബാധ്യതകൾ ഇല്ലാത്തയാളുമാണ്. അതിനാൽ സാമ്പത്തികമായി അദ്ദേഹം ഉയർന്ന നിലയിലാണ്. ഈ സാഹചര്യത്തിൽ ജീവനാംശം നിഷേധിച്ചാൽ അത് സ്ത്രീക്ക് വലിയ ദുരിതമായി മാറും. അതുകൊണ്ട് അന്തസ്സോടെ ജീവിക്കാൻ ഇവർക്ക് ന്യായമായ തുക നൽകേണ്ടതുണ്ട്,’ കോടതി വ്യക്തമാക്കി.



