നോർവേ ചെസ്സ് ടൂണമെന്റിന്റെ എട്ടാം റൗണ്ടിൽ ഇതിഹാസ താരം മാഗ്നസ് കാൾസനെതിരെ നേടിയ ഉജ്ജ്വല വിജയത്തോടെ, ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആർ പ്രഗ്നാനന്ദ അപൂർവ്വ നേട്ടം കൈവരിക്കുന്ന കളിക്കാരുടെ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നു. മേയ് 27-ന് നടന്ന മൂന്നാം റൗണ്ടിൽ വെളുത്ത കരുക്കളുമായി കളിച്ച് കാൾസനെ തോൽപ്പിച്ചതിന് പിന്നാലെ, കറുത്ത കരുക്കളുമായി കളിച്ചും വിജയം ആവർത്തിച്ചാണ് ചെന്നൈ സ്വദേശിയായ ഈ 20-കാരൻ ഇരട്ട വിജയം സ്വന്തമാക്കിയത്. മുൻപ് 2024-ൽ നടന്ന ഇതേ ടൂർണമെന്റിലും പ്രഗ്നാനന്ദ കാൾസനെ വീഴ്ത്തിയിരുന്നു.
ക്ലാസിക്കൽ ചെസിന്റെ ചരിത്രത്തിൽ കഴിഞ്ഞ 19 വർഷത്തിനിടയിൽ ഇതാദ്യമായാണ് ഒരു കളിക്കാരൻ ഒരേ ടൂർണമെന്റിൽ തന്നെ ഈ നോർവീജിയൻ ഇതിഹാസത്തെ രണ്ടു തവണ തോൽപ്പിക്കുന്നത്. ഇതിനുമുമ്പ് ഈ നേട്ടം കൈവരിച്ചത് മറ്റൊരു ഇന്ത്യൻ ചെസ്സ് ഇതിഹാസമായ വിശ്വനാഥൻ ആനന്ദ് മാത്രമാണ്. 2007-ൽ നടന്ന ലിനാരസ് ഇന്റർനാഷണൽ ചെസ് ടൂർണമെന്റിലായിരുന്നു ആനന്ദ് കാൾസനെ രണ്ടുതവണ തോൽപ്പിച്ചത്.
ആവേശത്തിൽ മതിമറക്കാതെ പ്രഗ്നാനന്ദ
ഈ വിജയത്തിനുള്ള പ്രസക്തി വളരെ വലുതാണെങ്കിലും, അതിന്റെ ആവേശത്തിൽ മതിമറന്ന് തുള്ളിച്ചാടാൻ യുവതാരം തയ്യാറയില്ല. പകരം, ടൂർണമെന്റിലെ തന്റെ അടുത്ത ലക്ഷ്യങ്ങളിലാണ് അവൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. “മാഗ്നസിനെ തോൽപ്പിച്ചതിനേക്കാൾ, ടൂർണമെന്റിന്റെ ഈ ഘട്ടത്തിൽ ഒരു മത്സരം ജയിക്കുക എന്നതായിരുന്നു കൂടുതൽ പ്രധാനം. അതുകൊണ്ട് തന്നെ ഇത് നേട്ടാനായതിൽ എനിക്ക് സന്തോഷമുണ്ട്,” മത്സരത്തിന് ശേഷം പ്രഗ്നാനന്ദ ചെസ്ബേസ് ഇന്ത്യയോട് പറഞ്ഞു.



